ഇക്കണോമി ക്ലാസില്‍ പ്രീമിയം സൗകര്യങ്ങളുള്ള സീറ്റിംഗുകള്‍ കൂടി ഉള്‍പ്പെടുത്തി വിമാനം ഇറക്കാന്‍ പദ്ധതിയുമായി ഇന്‍ഡിഗോ. സാധാരണ ഇക്കണോമി ക്ലാസ് സീറ്റുകള്‍ക്കൊപ്പം പ്രീമിയം ഇക്കണോമി സീറ്റുകള്‍ കൂടി അവതരിപ്പിക്കാനാണ് 60 ശതമാനം വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ പദ്ധതി എന്നാണ് സൂചന.
അടുത്ത വര്‍ഷം അവസാനത്തോടെ പ്രീമിയം സീറ്റിംഗുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഫ്‌ളൈറ്റുകള്‍ ഇറങ്ങിയേക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
പ്രത്യേകതകള്‍
35 എയര്‍ബസ് എ321 (Airbus A321) വിമാനത്തിനുള്ളില്‍ ഇരുവശങ്ങളിലായി 2+2 സീറ്റുകളായിട്ടായിരിക്കും ഇരിപ്പിടം. ഇത്തരത്തില്‍ 8 നിരകളുണ്ടാകും. അങ്ങനെ ആകെ 32 പ്രീമിയം സീറ്റുകള്‍ ഉണ്ടായിരിക്കും. 36 ഇഞ്ച് ലെഗ് റൂം ഉള്ള സീറ്റുകളായിരിക്കും ഇതിന്റെ പ്രധാന പ്രത്യേകത.
നിലവില്‍ 30 ഇഞ്ച് ലെഗ് റൂമുള്ള, ഓരോ വശങ്ങളിലും മൂന്നു പേര്‍ക്ക് വീതം ഇരിക്കാവുന്ന രീതിയിലാണ് എയര്‍ബസ് എ320, എ321 വിമാനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബിസിനസ് കൂട്ടാന്‍ പുതുവഴികള്‍
കിംഗ് ഫിഷറുൾപ്പെടെ ഗോ ഫസ്റ്റും ജെറ്റ് എയർ വെയ്‌സും അടങ്ങുന്ന വിമാനക്കമ്പനികളാണ് 2012 മുതലിങ്ങോട്ട് പാപ്പരത്തത്തിലേക്ക് നീങ്ങിയത്.
ടിക്കറ്റ് നിരക്കിലെ കടുത്ത മത്സരത്തിലും വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന ചെലവിലും പല കമ്പനികളും ബുദ്ധിമുട്ടുകയുമാണ്. ഈ അവസരത്തില്‍ വിപണിയില്‍ ശക്തമായ സ്ഥാനമുറപ്പിക്കാൻ ഇന്‍ഡിഗോയുടെ പുതിയ പദ്ധതി സഹായകമായേക്കും.
ഇക്കണോമി ക്ലാസിൽ പ്രീമിയം സീറ്റിംഗ് കൂടി ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പ്രീമിയം ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഭക്ഷണത്തിനായും മറ്റ് സൗകര്യങ്ങള്‍ക്കായും അധിക ചാര്‍ജ് ഈടാക്കി വരുമാനം കൂട്ടാനുമുള്ള കമ്പനിയുടെ പുതിയ തന്ത്രമായിരിക്കാം പ്രീമിയം സീറ്റുകള്‍ ഉള്‍പ്പെടുത്താനുള്ള പുതിയ നീക്കവും.
പ്രീമിയം സീറ്റ് മാത്രമല്ല, 2024ൽ തന്നെ ചൂടുള്ള ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം ലോയല്‍റ്റി പ്രോഗ്രാമുകളും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.
2021ല്‍ ഇന്‍ഡിഗോയുടെ സി.ഇ.ഒ ആയി ചുമതലയേറ്റ പീറ്റര്‍ എല്‍ബേഴ്‌സിന്റെ നേതൃത്വത്തില്‍ രാജ്യാന്തര വിമാന ശ്രേണിയില്‍ ഇന്‍ഡിഗോയുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രീമിയം സീറ്റിംഗുകളുള്‍പ്പെടുന്ന വിമാനങ്ങള്‍ എത്തിയാലും എതിരാളികളെക്കാളും നിരക്കുകള്‍ താഴ്ത്തി സര്‍വീസ് ആരംഭിക്കാനാകും ഇന്‍ഡിഗോയുടെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തിയേക്കാവുന്ന പ്രീമിയം ഇക്കണോമി സീറ്റുകളുടെ ചാര്‍ജ്, മറ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല.
Read DhanamOnline in English
Subscribe to Dhanam Magazine