വിമാനക്കമ്പനിയായ ഇന്‍ഡിഗോ നേരിട്ടിരുന്ന പ്രവര്‍ത്തന തടസങ്ങള്‍ പരിഹരിച്ചുവെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്ന ഇന്‍ഡിഗോ, ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് കമ്പനി അറിയിച്ചു.
പ്രതിദിനം 2,200 വിമാനങ്ങള്‍ എന്ന പൂര്‍ണ്ണ ശേഷിയിലേക്ക് തിരിച്ചെത്തിയതായി സി.ഇ.ഒ വ്യക്തമാക്കി. ഡിസംബര്‍ ആദ്യവാരത്തില്‍ ഉണ്ടായ കടുത്ത പ്രതിസന്ധിയില്‍ ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങള്‍ വരെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്ത്യന്‍ വ്യോമയാന മേഖലയെ തന്നെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ഡിസംബര്‍ 5-ന് വെറും 700 വിമാനങ്ങള്‍ മാത്രം പറപ്പിക്കാന്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് നിന്ന് ഘട്ടം ഘട്ടമായാണ് ഇന്‍ഡിഗോ സാധാരണ നിലയിലേക്ക് മടങ്ങിയത്. ഡിസംബര്‍ 9-ഓടെ തന്നെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായി കമ്പനി അറിയിച്ചു. പ്രവര്‍ത്തന തടസങ്ങള്‍ മൂലം ബുദ്ധിമുട്ട് നേരിട്ട ആയിരക്കണക്കിന് യാത്രക്കാരോട് പീറ്റര്‍ എല്‍ബേഴ്‌സ് ജീവനക്കാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചു. കമ്പനിയുടെ തകര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുറത്തുവരുന്ന അനാവശ്യ ഊഹാപോഹങ്ങളില്‍ വീഴരുതെന്നും ടീം വര്‍ക്കിലൂടെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ മൂന്ന് പ്രധാന ലക്ഷ്യങ്ങളില്‍ (Resilience, Root cause analysis, Rebuilding) ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ (DGCA) ഇന്‍ഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പുതിയ പൈലറ്റ് ഡ്യൂട്ടി പരിഷ്‌കാരങ്ങള്‍ (FDTL) നടപ്പിലാക്കുന്നതില്‍ ഉണ്ടായ പാളിച്ചകളാണ് പ്രതിസന്ധിക്ക് കാരണമായത്.
പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള വിശ്വാസം വര്‍ധിച്ചു. ഇതോടെ ഓഹരി വിപണിയില്‍ ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു. നിലവില്‍ 2.46 ശതമാനം ഉയര്‍ന്ന് 5,103 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയില്‍ വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഓഹരിയുടെ നഷ്ടം 11 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine