Industry

ചരിത്രത്തിലെ ഏറ്റവും വലിയ വിമാന വാങ്ങൽ കരാറുമായി ഇൻഡിഗോ

കാത്തിരിക്കുന്നത് 1,000 പുതിയ വിമാനങ്ങള്‍

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ ആദ്യമാണ്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്. ജൂണ്‍ 19 ന് പാരീസില്‍ നടന്ന എയര്‍ ഷോയിലാണ് ഇന്‍ഡിഗോയും ഫ്രഞ്ച് വിമാന കമ്പനിയായ എയര്‍ബസുമായി കരാര്‍ ഒപ്പിട്ടത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍ഡിഗോയുടെ നീക്കം. 2030 ഓടെ 100 വിമാനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് അടുത്ത 10 വര്‍ഷത്തിനകം 700ലധികം വിമാനമെന്ന ലക്ഷ്യം നേടാനായി ഇന്‍ഡിഗോ ശ്രമിക്കുന്നത്. 2030നും 2035 നും ഇടയില്‍ എ320 വിമാനങ്ങള്‍ ലഭിക്കും. 2006 ല്‍ പ്രവര്‍ത്തനമാരംഭച്ചതുമുതല്‍ ഇതുവരെ എയര്‍ബസില്‍ നിന്ന് 1,330 വിമാനങ്ങള്‍ വാങ്ങിയതായും ഇന്‍ഡിഗോ വ്യക്തമാക്കി.

ഉയരത്തില്‍ പറക്കാന്‍

 ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ 61 ശതമാനം വിഹിതം ഇന്‍ഡിഗോയ്ക്കുണ്ട്. നിലവില്‍ ഇന്‍ഡിഗോയ്ക്ക് 300 വിമാനങ്ങളുണ്ട്. 480 എണ്ണത്തിനു കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും അടുത്ത ഏഴ് വര്‍ഷത്തിനുള്ളിലാണ് അവ ലഭിക്കുക. മുന്‍പ് ഓര്‍ഡര്‍ നല്‍കിയ 480 വിമാനങ്ങള്‍ ലഭിക്കാനുണ്ട്. പുതിയ ഓര്‍ഡര്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ മൊത്തം വിമാനങ്ങളുടെ എണ്ണം 1,000 ആകും. എ320നിയോ, എ321 നിയോ, എ321എക്‌സ്എല്‍ആര്‍ എന്നിവയാണ് ഓര്‍ഡറിലുള്ളത്.

2030 ഓടെ ശേഷി വര്‍ധിപ്പിക്കാനും വിദേശ റൂട്ടുകളിലേക്കും സര്‍വീസ് നടത്താനുമാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. നിലവില്‍ വിവിധ ആഭ്യന്തര റൂട്ടുകളിലായി 1800 പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. താമസിയാതെ 32 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT