indigo airline  Canva, Facebook / IndiGo
Industry

സര്‍വീസ് പ്രതിസന്ധിക്ക് പിന്നാലെ ഇന്‍ഡിഗോയില്‍ വന്‍ നിയമനം; 1,000 പൈലറ്റുമാരെ തേടി വിമാനക്കമ്പനി

കഴിഞ്ഞാഴ്ച പൈലറ്റുമാരുടെ നൈറ്റ് അലവന്‍സുകളില്‍ ഇന്‍ഡിഗോ വന്‍ വര്‍ധന വരുത്തിയിരുന്നു

Dhanam News Desk

ഇന്ത്യന്‍ ആകാശത്തെ കരുത്തരായ ഇന്‍ഡിഗോ വിമാന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഡിസംബറില്‍ പൈലറ്റുമാരുടെ കുറവ് മൂലം അയ്യായിരത്തിലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ വമ്പന്‍ നീക്കം. ട്രെയിനി ഫസ്റ്റ് ഓഫീസര്‍മാര്‍, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാര്‍, ക്യാപ്റ്റന്‍മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍ഡിഗോ പ്രധാനമായും ഉപയോഗിക്കുന്ന എയര്‍ബസ് A320 വിമാനങ്ങളില്‍ മുന്‍പരിചയം ഇല്ലാത്ത പൈലറ്റുമാരെയും പരിഗണിക്കാന്‍ കമ്പനി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഡിജിസിഎ (DGCA) പൈലറ്റുമാരുടെ വിശ്രമവേളയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും ഭാവിയില്‍ സര്‍വീസ് മുടങ്ങുന്നത് ഒഴിവാക്കുന്നതിനും കൂടുതല്‍ പൈലറ്റുമാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ നീക്കം.

വിപുലീകരണ പദ്ധതികള്‍

ഓരോ മാസവും ശരാശരി നാല് പുതിയ വിമാനങ്ങള്‍ വീതം ഇന്‍ഡിഗോ ഫ്‌ളീറ്റിലേക്ക് ചേര്‍ക്കുന്നുണ്ട്. നിലവില്‍ ഇന്‍ഡിഗോയ്ക്ക് ഏകദേശം 4,500 പൈലറ്റുമാരുണ്ടെങ്കിലും വന്‍തോതിലുള്ള വിപുലീകരണം ലക്ഷ്യമിടുമ്പോള്‍ 1,000 പേരെ കൂടി പുതുതായി ആവശ്യമുണ്ട്.

'ഡിസംബറിലെ പ്രതിസന്ധികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, വിമാന സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ 'ബഫര്‍' (Buffer) സ്റ്റാഫിനെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചത്. കഴിഞ്ഞാഴ്ച പൈലറ്റുമാരുടെ നൈറ്റ് അലവന്‍സുകളില്‍ ഇന്‍ഡിഗോ വന്‍ വര്‍ധന വരുത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT