Image Courtesy: www.intel.com/content/www/us/en/homepage.html 
Industry

നഷ്ടം മറികടക്കാന്‍ 25,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇന്റല്‍, ജര്‍മനിയിലെയും പോളണ്ടിലേയും ഫാക്ടറി നിര്‍മാണവും നിര്‍ത്തി, പ്രയാസമേറിയ ഘട്ടമെന്ന് സി.ഇ.ഒ

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെ 15,000ത്തോളം ജീവനക്കാരെ വെട്ടിക്കുറിച്ചതിനു പുറമെയാണ് പുതിയ നീക്കം

Dhanam News Desk

നഷ്ടത്തിലായ കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ എണ്ണം 75,000 ആയി കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഇന്റല്‍. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള വിവരങ്ങളനുസരിച്ച് 1,08,900 ജീവനക്കാരാണ് കമ്പനിയിലുള്ളത്. അതായത് 25,000ത്തിലധികം പേര്‍ക്കാണ് പുതുതായി ജോലി നഷ്ടമാവുക.

2025 ഏപ്രില്‍ മുതല്‍ ഏകദേശം 15 ശതമാനത്തോളം, അതായത് 15,000ത്തോളം ജീവനക്കാരെ കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്. തൊട്ടു മുന്‍വര്‍ഷവും ഏകദേശം 15,000ത്തോളം പേരെ പിരിച്ചു വിട്ടിരുന്നു.

തുടരുന്ന ചെലവു ചുരുക്കല്‍

കഴിഞ്ഞ ഏപ്രിലിലില്‍ തന്നെ ചെലവു കുറയ്ക്കുന്നതിന്റെ സൂചനകള്‍ ഇന്റല്‍ നല്‍കിയിരുന്നു. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തനചെലവുകള്‍ നിലവിലെ 17.5 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 17 ബില്യണ്‍ ഡോളറായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2026 ഓടെ ചെലവ് 16 ബില്യണ്‍ ആയും കുറയ്ക്കാനും പദ്ധതിയിടുന്നു. കമ്പനിയുടെ ഓരോ തലത്തിലും ചെലവു ചുരുക്കി കാര്യക്ഷമത നേടാനാണ് ശ്രമിക്കുന്നതെന്നും വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കമ്പനികടന്നു പോകുന്നതെന്നുമാണ് ജീവനക്കാര്‍ക്ക് നല്‍കിയ മെമോയില്‍ സി.ഇ.ഒ ലിപ്-ബു ടാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിലെ ഫാക്ടറി പദ്ധതികളും റദ്ദാക്കി

കമ്പനി നടത്താനിരുന്ന മറ്റ് പല വിപുലീകരണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ജര്‍മനിയിലും പോളണ്ടിലും നിര്‍മിക്കാനിരുന്ന ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. യു.എസില്‍ ഒഹിയോയിലെ നിര്‍മാണം മന്ദഗതിയിലാക്കി. കോസ്റ്റാറിക്കയിലെ പ്രവര്‍ത്തനങ്ങള്‍ വിയറ്റാം, മലേഷ്യഎന്നിവിടങ്ങളിലേതുമായി സംയോജിപ്പിച്ചിട്ടുണ്ട്.

ഇന്റലിന്റെ രണ്ടാം പാദഫലങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍. 2.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. വരുമാനം 12.9 ബില്യണ്‍ ഡോളറായി കുറഞ്ഞെങ്കിലും അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്ക് മേലെയെത്തി. വരും പാദത്തിലും നഷ്ടമാകും രേഖപ്പെടുത്തുകയെന്നാണ് ഇന്റല്‍ പ്രതീക്ഷിക്കുന്നത്. വരുമാനലക്ഷ്യം 12.6 മുതല്‍ 13.6 ബില്യണ്‍ ഡോളര്‍ വരെയാണ്.

Intel braces for big reset, layoffs 25,000 roles, says report

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT