Industry

ജിയോയില്‍ 1900 കോടി രൂപ നിക്ഷേപവുമായി ഇന്റെല്‍

Dhanam News Desk

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോയില്‍ 1,894.5 കോടിയുടെ നിക്ഷേപവുമായി അമേരിക്കന്‍ അന്താരാഷ്ട്ര ഗ്രൂപ്പ് ഇന്റെല്‍. 11 ആഴ്ചയ്ക്കിടെ ജിയോയിലെത്തിയ പന്ത്രണ്ടാമത്തെ നിക്ഷേപമാണ് ഇന്റെല്‍ ക്യാപിറ്റലില്‍ നിന്നുള്ളത്. ഇതുവരെ കമ്പനി ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 1,17,588.45 കോടി രൂപ.

ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, എഐഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളാണ് നേരത്തെ ജിയോയില്‍ നിക്ഷേപമിറക്കിയത്. ഇതില്‍ സില്‍വര്‍ ലേക്ക് രണ്ടു തവണ് ജിയോ ഓഹരികള്‍ വാങ്ങി. ഈ രണ്ടു നിക്ഷേപങ്ങളിലൂടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി വിഹിതം 2.08 ശതമാനമായി.

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് ഏപ്രില്‍ 22 ന് 43,574 കോടി രൂപ നിക്ഷേപിച്ച് ജിയോയിലെ 9.99 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സില്‍വര്‍ ലേക്ക് , വിസ്ത ഇക്വിറ്റി, കെകെആര്‍, മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, എഐഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളും നിക്ഷേപമിറക്കിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്റെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റെലിന്റെ ബെംഗളൂരു, ഹൈദരാബാദ് കമ്പനികളില്‍ ആയിരക്കണക്കിന് ജീവനക്കാരുണ്ട്.

കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ അഭിഭാജ്യഘടകമായ സെമികണ്ടക്ടര്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ഇന്റെല്‍ കോര്‍പറേഷനിലെ നിക്ഷേപ വിഭാഗമാണ് ഇന്റല്‍ ക്യാപിറ്റല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ്, ഡാറ്റാസെന്റര്‍, ക്ലൗഡ്, 5 ജി, അടുത്ത തലമുറ കമ്പ്യൂട്ടിംഗ് എന്നിവ ലക്ഷ്യമിട്ടുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളിലാണ് ഇന്റെല്‍ ക്യാപിറ്റല്‍ നിക്ഷേപം നടത്തുന്നത്. 1991 മുതല്‍, ഇന്റെല്‍ ക്യാപിറ്റല്‍ ലോകമെമ്പാടുമുള്ള 1,582 ല്‍ അധികം കമ്പനികളില്‍ 12.9 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT