കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐ.കെ.ജി.എസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ദ്വിദിന നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. 26 രാജ്യങ്ങളില്‍ നിന്നുളള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന നിക്ഷേപക സംഗമത്തില്‍ വിദേശ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കും. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.
ലോകത്തെ പ്രധാനപ്പെട്ട എല്ലാ കമ്പനികളുടെയും പ്രതിനിധികള്‍ സംഗമത്തിലെത്തുമെന്ന് പി. രാജീവ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ വ്യവസായ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നതായിരിക്കും രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടി. മുഖ്യമന്ത്രി മുഴുസമയവും സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിക്ഷേപം വരാന്‍ ഏറ്റവും ഉതകുന്ന 22 മുന്‍ഗണനാ മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകളും എം.എസ്.എം.ഇ കളും തമ്മിലുളള വ്യത്യാസം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പൊതുവായി ആശയക്കുഴപ്പമുണ്ട്. ഇന്ത്യയില്‍ 80 മുതല്‍ 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും അതിജീവിക്കുന്നില്ല എന്നത് യഥാര്‍ത്ഥ്യമാണ്. പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ 30 മുതല്‍ 40 ശതമാനം എം.എസ്.എം.ഇ കളാണ് അതിജീവിക്കുന്നത്. ഒരു കോടി മൂലധനത്തില്‍ തുടങ്ങുന്ന സംരംഭങ്ങളെയാണ് മൈക്രോ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഉച്ചകോടി പ്രധാനമായും മൈക്രോ, സ്‌മോള്‍, മീഡിയം സംരംഭങ്ങളെ ആകര്‍ഷിക്കാനാണ് ഊന്നല്‍ നല്‍കുന്നത്.
കേരളത്തിന് പൊതുവായ രീതിയില്‍ എതിരായ കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ എതിര്‍ത്തിട്ടുണ്ട്. ഉച്ചകോടി നടക്കുന്ന സാഹചര്യത്തില്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ മാറ്റിവെക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഒന്നിച്ച് നിന്ന് കേരളം നിക്ഷേപത്തിന് അനുകൂലമാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ചെറുപ്പക്കാര്‍ക്ക് ജോലിചെയ്യാനുളള സാഹചര്യം സംസ്ഥാനത്ത് ഒരുക്കേണ്ടത് നമ്മുടെയല്ലാം കടമയാണ്.
ടെസ്‌ല കാറുകളുമായി ബന്ധപ്പെട്ട സംരംഭം കൊണ്ടു വരുന്നതിനായി പ്രമുഖ വ്യവസായി ഇലോണ്‍ മസ്കുമായി രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനം ചര്‍ച്ച നടത്തിയിരുന്നു. ഇലക്ട്രിക്ക് കാറുകളുടെ ബാറ്ററിയുമായി ബന്ധപ്പെട്ട സംരംഭമാണ് ഉദ്ദേശിച്ചത്. എന്നാല്‍ കാറുകളുടെ ഇറക്കുമതിയില്‍ തടസങ്ങള്‍ ഉണ്ടായതിനാല്‍ അത് നടന്നില്ല. പുതിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അനുയോജ്യമായ സംരംഭങ്ങള്‍ സംസ്ഥാനം നോക്കുന്നുണ്ട്.
ഉച്ചകോടിയില്‍ എത്ര നിക്ഷേപമെത്തുമെന്ന കാര്യം അവസാന ദിവസം വൈകിട്ടോടെ അറിയാന്‍ സാധിക്കുമെന്നും പി. രാജീവ് പറഞ്ഞു. വരുമെന്ന് ഉറപ്പുളള യാഥാര്‍ത്ഥ്യ ബോധത്തോടെയുളള നിക്ഷേപങ്ങള്‍ മാത്രമാണ് പ്രഖ്യാപിക്കുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡ്കരി (ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയുഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം.ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും പറയും.
സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം.ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എം.എം മുരുഗപ്പന്‍, രവി പിള്ള, ടി.എസ് കല്യാണരാമന്‍, ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ സംബന്ധിക്കും.
സ്റ്റാര്‍ട്ടപ്പ്-ഇനോവേഷന്‍, സമുദ്രോത്പന്നമേഖല, ഓട്ടോമോട്ടീവ് ടെക്നോളജി, ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പാത, കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍, റബ്ബര്‍, ഐ.ടി, ടൂറിസം, കാര്‍ഷിക-ഭക്ഷ്യമേഖലകളുടെ വികസനം, ബാങ്കിംഗ്-ഫിന്‍ടെക്-ഡിജിറ്റല്‍ ഇനോവേഷന്‍, മെഡിക്കല്‍ ഡിവൈസ് ഹബ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ വിഷയങ്ങളിലായി 28 പ്രത്യേക സെഷനുകളില്‍ വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. 200 പ്രഭാഷകര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും.
Read DhanamOnline in English
Subscribe to Dhanam Magazine