Logo : invest.kerala.gov.in, Image : Canva 
Industry

വലിയ സംരംഭങ്ങള്‍ ഇനി കേരളത്തിലേക്ക്; 'ഇന്‍വെസ്റ്റ് കേരള' പോര്‍ട്ടലെത്തി

കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വിരല്‍തുമ്പില്‍

Dhanam News Desk

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നിക്ഷേപ പിന്തുണ നല്‍കാനുമായി പുതിയ പോര്‍ട്ടലെത്തി, ഇന്‍വെസ്റ്റ് കേരള പോര്‍ട്ടല്‍. തിരുവനന്തപുരത്ത് നടന്ന കേരളീയം വേദിയില്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് പോർട്ടൽ ഉദ്ഘാടനം ചെയ്തു.

ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലില്‍ കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ വിദേശ രാജ്യത്തുള്ളവര്‍ക്കു പോലും കേരളത്തിലെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്താനാകും. 

കേരള റെസ്‌പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്‌കീം പോര്‍ട്ടലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പോര്‍ട്ടലാണിത്.

2023ലെ കേരള വ്യാവസായിക നയത്തില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേരള റെസ്‌പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്‌കീം പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുള്ളത്. ഉത്തരവാദിത്ത വ്യവസായങ്ങള്‍ക്ക് പ്രത്യേക ഇന്‍സെന്റീവ്സ് നല്‍കുന്നതെങ്ങനെയെന്നും ഇതിലൂടെ അറിയാം.

കേരളത്തില്‍ സംരംഭം ആരംഭിക്കുന്നതിനും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായകമാകുന്ന എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് പുതിയ പോര്‍ട്ടലുകള്‍. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംരംഭകര്‍ക്ക് സഹായം ലഭിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT