Image : IOC LPG Terminal 
Industry

425 കിലോമീറ്റര്‍ ഗ്യാസ് ലൈന്‍; കൊച്ചിയില്‍ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടിയിലേക്ക്; പദ്ധതി സ്വന്തമാക്കി ഇന്ത്യന്‍ ഓയില്‍

കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ വാതക പൈപ്പ്ലൈന്‍ പദ്ധതിയാണിത്

Dhanam News Desk

കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്ലൈന്‍ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പെട്രോളിയം-നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡിന്റെ (PNGRB) അനുമതി. 425 കിലോമീറ്റര്‍ വരുന്ന പൈപ്പ്‌ലൈന്‍ പദ്ധതിയാണിത്. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് കേരളത്തിലെയും തമിഴ്നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യക്കാര്‍ക്ക് ഗ്യാസ് എത്തിക്കാന്‍ പദ്ധതി സഹായിക്കും.

കൊച്ചിയിലെ പെട്രോനെറ്റ് എല്‍എന്‍ജി (LNG) ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് കന്യാകുമാരി വഴി തൂത്തുക്കുടി വരെ നീളുന്നതാണ് ഈ പൈപ്പ്ലൈന്‍.

നിലവിലുള്ള നിയന്ത്രണ ചട്ടക്കൂടുകൾക്ക് വിധേയമായി PNGRBനടത്തിയ ലേലത്തിലൂടെയാണ് ഈ പദ്ധതി ലഭിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. സാങ്കേതികവും സാമ്പത്തികവുമായ ബിഡുകൾ വിലയിരുത്തിയ ശേഷമാണ് പദ്ധതി നടപ്പിലാക്കാനുള്ള വിജയകരമായ ബിഡറായി ഐഒസിഎൽ (IOCL) തിരഞ്ഞെടുക്കപ്പെട്ടത്.

ഏകദേശം 425 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിക്കായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഐഒസി നടത്തുന്നത്.

രാജ്യത്തെ ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ഈ പദ്ധതി വലിയ കരുത്താകും. ഗെയ്ലിന്റെ (GAIL) കൊച്ചി-മംഗളൂരു പൈപ്പ്ലൈനിന് ശേഷം കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ വാതക പൈപ്പ്ലൈന്‍ പദ്ധതിയാണിത്.

കൊച്ചി എല്‍എന്‍ജി ടെര്‍മിനലിലെ വാതക ഉപഭോഗം വര്‍ധിപ്പിക്കാനും ഈ പുതിയ പൈപ്പ്ലൈന്‍ സഹായിക്കും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി വാതക വിതരണം ആരംഭിക്കാനാണ് ഇന്ത്യന്‍ ഓയില്‍ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT