Industry

അടിച്ച് കേറി വാ മക്കളെ, ഇടവേളയ്ക്കു ശേഷം ജീവനക്കാരെ തേടി ഐ.ടി കമ്പനികള്‍ വീണ്ടും കാംപസുകളിലേക്ക്

ടി.സി.എസ് നല്‍കും 40,000 പേര്‍ക്ക് ജോലി, ഇന്‍ഫോസിസിന് വേണ്ടത് 20,000 പേരെ

Dhanam News Desk

രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഐ.ടി ഭീമന്‍മാര്‍ വീണ്ടും കാംപസുകളിലേക്ക്. മൂന്നാം പാദഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് കമ്പനികള്‍ ജീവനക്കാരെ തേടി ഇറങ്ങുന്നതായി പ്രഖ്യാപിച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജീവനക്കാരെ കാംപസുകളില്‍ നിന്ന് കണ്ടെത്തുക. നടപ്പു സാമ്പത്തിക വര്‍ഷം (2024-25) 40,000 പേരെയാണ് നിയമിക്കുന്നത്. ഇതോടെ ടി.സി.എസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 6,06,998 ആകും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ജൂണ്‍ പാദത്തില്‍ മാത്രം 5,452 പുതിയ ജീവനക്കാരെ ടി.സി.എസ് നിയമിച്ചിട്ടുണ്ട്.

ഇന്‍ഫോസിസ് ഈ സാമ്പത്തിക വര്‍ഷം ഓണ്‍ കാംപസ്, ഓഫ് കാംപസ് റിക്രൂട്ട്‌മെന്റ് വഴി ലക്ഷ്യമിടുന്നത് 15,000 മുതല്‍ 20,000 വരെ ജീവനക്കാരെയാണ്. കഴിഞ്ഞ നാല് പാദങ്ങളായി ഇന്‍ഫോസിസ് കാംപസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നിറുത്തിവച്ചിരിക്കുകയായിരുന്നു. ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് 2,000ഓളം ജീവനക്കാരാണ് കൊഴിഞ്ഞു പോയത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 3,15,332 ആയി. കാംപസ് പ്ലേസ്‌മെന്റ് വഴി 50 ശതമാനം ജീവനക്കാരെയും ബാക്കിയുള്ളവരെ പരമ്പരാഗത രീതിയിലും കണ്ടെത്തുന്ന രീതിയാണ് ഇന്‍ഫോസിസ് പിന്തുടരുന്നത്.

രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍ ടെക് നടപ്പു വര്‍ഷം 10,000 പേരെയാണ് നിയമിക്കാനൊരുങ്ങുന്നത്. ജൂണ്‍ പാദത്തില്‍ എച്ച്.സി.എല്‍ ജീവനക്കാരുടെ എണ്ണത്തില്‍ 8,080 പേരുടെ കുറവുണ്ടായി. ജൂണ്‍ വരെയുള്ള കണക്കു പ്രകാരം 2,19,401 ജീവനക്കാരാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,141 ഫ്രഷേഴ്‌സിനെ കമ്പനി നിയമിച്ചിരുന്നു.

യു.എസ് അടക്കമുള്ള വിപണികളിലെ മാന്ദ്യം മൂലം ഓര്‍ഡറുകള്‍ കുറഞ്ഞതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കമ്പനികള്‍ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ ജീവനക്കാരുടെ എണ്ണത്തില്‍ സംയുക്തമായി 54,000പേരുടെ കുറവുണ്ടായിരുന്നു.

ഐ.ടി കമ്പനികള്‍ക്ക് ലാഭം കൂടി

ടി.സി.എസിന്റെ സംയോജിത ലാഭം ജൂണ്‍ പാദത്തില്‍ ഒമ്പത് ശതമാനം വര്‍ധിച്ച് 12,105 കോടി രൂപയായി. മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലിത് 11,120 കോടി രൂപയായിരുന്നു. ടി.സി.എസിന്റെ പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 62,613 കോടി രൂപയാണ്.

ഇന്‍ഫോസിസിന്റെ ലാഭം 7.1 ശതമാനം ഉയര്‍ന്ന് 6,368 കോടി രൂപയായി. സംയോജിത പ്രവര്‍ത്തന വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 39,315 കോടിയുമായി.

എച്ച്.സി.എല്‍ ജൂണ്‍ പാദത്തില്‍ 4,257 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സാമാനപാദത്തിലെ 3,534 കോടി രൂപയേക്കാള്‍ 20.46 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ വില്‍പ്പന വരുമാനം 6.7 ശതമാനം വര്‍ധിച്ച് 28,057 കോടിയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT