Industry

ലൈഫ്‌സ്‌റ്റൈല്‍ റീറ്റെയ്‌ലിംഗ് ബിസിനസില്‍ ഇനി ഐടിസിയില്ല!

നേരത്തെ തന്നെ ലൈഫ്‌സ്‌റ്റൈല്‍ റീറ്റെയ്‌ലിംഗ് ബിസിനസിലെ മാറ്റങ്ങളെ കുറിച്ച് ചെയര്‍മാന്‍ സൂചന നല്‍കിയിരുന്നു

Dhanam News Desk

എഫ്എംസിജി (FMCG) ഭീമനായ ഐടിസി (ITC ltd) ലൈഫ്‌സ്‌റ്റൈല്‍ റീറ്റെയ്‌ലിംഗ് ബിസിനസില്‍നിന്ന് പുറത്തേക്ക്. കമ്പനിയുടെ ബിസിനസ് പോര്‍ട്ട്‌ഫോളിയോയുടെ അവലോകനത്തിന് ശേഷമാണ് തീരുമാനം. ഈ വര്‍ഷം ജൂണില്‍, ലൈഫ്‌സ്‌റ്റൈല്‍ റീറ്റെയ്‌ലിംഗ് ബിസിനസിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് ഐടിസിയുടെ ചെയര്‍മാന്‍ സൂചന നല്‍കിയിരുന്നു.

നിലവില്‍ ഐടിസിക്ക് ലൈഫ്‌സ്‌റ്റൈല്‍ റീറ്റെയ്‌ലിംഗ് (Lifestyle retail) ബിസിനസില്‍ വില്‍സ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യാലിറ്റി സ്റ്റോറുകളാണ് പ്രധാനമായുമുള്ളത്. വില്‍സ് ക്ലാസിക് വര്‍ക്ക് വെയര്‍, വില്‍സ് സ്‌പോര്‍ട് റിലാക്‌സ്ഡ് വെയര്‍, വില്‍സ് ക്ലബ്ബ് ലൈഫ് ഈവനിംഗ് വെയര്‍, വില്‍സ് സിഗ്നേച്ചര്‍ ഡിസൈനര്‍ വെയര്‍ തുടങ്ങിയവയാണ് ഈ സ്റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരുന്നത്. യുവാക്കള്‍ക്കായി ജോണ്‍ പ്ലെയേഴ്സ് എന്ന ബ്രാന്‍ഡും ഐടിസി സ്ഥാപിച്ചിരുന്നു.

വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഐടിസിയുടെ വില്‍സ് ലൈഫ്‌സ്റ്റൈലിന് (Wills Lifestyle) 40 നഗരങ്ങളിലായി 90 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകളിലും മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും 500-ലധികം 'ഷോപ്പ്-ഇന്‍-ഷോപ്പുകളുമുണ്ട്. 350 മുന്‍നിര സ്റ്റോറുകളിലേക്കും 1,400 മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ജോണ്‍ പ്ലെയേഴ്‌സ് ബ്രാന്‍ഡും ലഭ്യമാണ്.

അതേസമയം, കഴിഞ്ഞപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് ഐടിസി (ITC Ltd) രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,013.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തിലെ അറ്റാദായം 38.35 ശതമാനം വര്‍ധിച്ച് 4,169.38 കോടി രൂപയായി. വരുമാനം 41.36 ശതമാനം ഉയര്‍ന്ന് 18,320.16 കോടി രൂപയുമായി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 12,959.15 കോടി രൂപയായിരുന്നു വരുമാനം.

അവലോകന പാദത്തിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) 5,646.10 കോടി രൂപയായി. ഇക്കാലയളവിലെ സിഗരറ്റില്‍നിന്നുള്ള വരുമാനവും കുത്തനെ ഉയര്‍ന്നു. ഈ വിഭാഗത്തിലെ വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയിലെത്തി. സെഗ്മെന്റുകളില്‍, എഫ്എംസിജി വരുമാനം 4,451 കോടി രൂപയായി, മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 19.5 ശതമാനം വര്‍ധന. ഹോട്ടലുകളുടെ വരുമാനം കഴിഞ്ഞകാലയളവിലെ 128 കോടിയില്‍നിന്ന് 332.8 ശതമാനം വര്‍ധിച്ച് 554 കോടി രൂപയായി. പേപ്പര്‍ സെഗ്മെന്റ് വരുമാനം 1,583 കോടിയില്‍ നിന്ന് 2,267 കോടി രൂപയായി, 43.2 ശതമാനത്തിന്റെ വര്‍ധന.

ഐടിസി ഓഹരി വിപണിയിലും മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസത്തിനിടെ 30 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ 10.15ന് 306.00 രൂപ എന്ന നിലയിലാണ് ഐടിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT