Image courtesy: itc 
Industry

അദാനിയെ വീഴ്ത്തി ഐ.ടി.സി ഒന്നാമത്; ആട്ടയാണ് ആയുധം

ഒമ്പത് മാസ കാലയളവില്‍ 17,100 കോടി രൂപയുടെ വില്‍പ്പന

Dhanam News Desk

ഇന്ത്യന്‍ ഭക്ഷ്യമേഖലയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്.എം.സി.ജി) നിര്‍മ്മാതാക്കളായി ഐ.ടി.സി. സെപ്തംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ ഐ.ടി.സി 17,100 കോടി രൂപയുടെ ഭക്ഷ്യ എഫ്.എം.സി.ജി വില്‍പ്പന രേഖപ്പെടുത്തിയതായി വിപണി നിരീക്ഷകരായ നീല്‍സെന്‍ഐക്യുവിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം ഈ കാലയളവില്‍ ബ്രിട്ടാനിയ 16,700 കോടി രൂപയുടെയും അദാനി വില്‍മര്‍ 15,900 കോടി രൂപയുടെയും പാര്‍ലെ പ്രോഡക്ട്സ് 14,800 കോടി രൂപയുടെയും മൊണ്ടെലെസ് 13,800 കോടി രൂപയുടെയും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച്.യു.എല്‍) 12,200 കോടി രൂപയുടെയും വില്‍പ്പനയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം 16,100 കോടി രൂപയുടെ വില്‍പ്പനയുമായി അദാനി വില്‍മറാണ് വിപണിയില്‍ മുന്നില്‍ നിന്നിരുന്നത്. ബ്രിട്ടാനിയയും വില്‍പ്പനയില്‍ മുന്നിലെത്തിയതോടെ അദാനി വില്‍മര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എണ്ണവില കുറഞ്ഞതും ആട്ട വില കൂടിയതും

ഭക്ഷ്യ എണ്ണ വിലയിലെ ഗണ്യമായ കുറവാണ് അദാനി വില്‍മറിനെ മറികടക്കാന്‍ ഐ.ടി.സിയെ പ്രധാനമായും സഹായിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു. ഈ കുറവ് അദാനി വില്‍മറിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ആട്ട വില വര്‍ധിച്ചത് ഐ.ടി.സിക്ക് നേട്ടമായി. ആശിര്‍വാദ് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന കമ്പനിയുടെ പാക്കേജ്ഡ് ആട്ട ഭക്ഷ്യ ബിസിനസ് വരുമാനത്തിലേക്ക് വലിയ സംഭാവന നല്‍കി. ഇവ കൂടാതെ ഐ.ടി.സിയുടെ മിക്ക ഉല്‍പ്പന്നങ്ങളും മെച്ചപ്പെട്ട വില്‍പ്പന വളര്‍ച്ച നേടിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT