Industry

ടിവി ബിസിനസില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് സോണി, ഇനി ടിസിഎല്ലിനൊപ്പം സംയുക്ത സംരംഭം; അടിമുടി മാറ്റത്തിന് പിന്നില്‍?

പുതിയ കമ്പനി പുറത്തിറക്കുന്ന ടെലിവിഷന്‍ സെറ്റുകള്‍ സോണി ബ്രാവിയ ബ്രാന്‍ഡില്‍ തന്നെയാകും തുടര്‍ന്നും വിപണിയിലിറക്കുക

Dhanam News Desk

ലോകമെമ്പാടും ടിവി വില്പന ഇടിയുന്നുവെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ പ്രമുഖ ജാപ്പനീസ് ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ സോണി ഗ്രൂപ്പ് കോര്‍പറേഷന്‍ ഹോം എന്റര്‍ടെയ്ന്‍മെന്റ് ബിസിനസില്‍ നിന്ന് പിന്‍വാങ്ങുന്നു. ഒരുകാലത്ത് ആഗോള വിപണികളില്‍ തരംഗമായി മാറിയ ബ്രാവിയ ടിവി ബ്രാന്‍ഡ് ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ക്ക് വില്ക്കാനാണ് സോണിയുടെ തീരുമാനം.

സോണിയുടെ ഹോം എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിന്റെ 51 ശതമാനം ഓഹരികള്‍ വില്ക്കും. ടിസിഎല്‍ ആകും ഈ ഓഹരികള്‍ സ്വന്തമാക്കുക. 49 ശതമാനം ഓഹരികള്‍ സോണി തന്നെ കൈവശം വയ്ക്കും. 2027 ഏപ്രിലിലോടെ പുതിയ സംയുക്ത സംരംഭം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്.

പുതിയ കമ്പനി പുറത്തിറക്കുന്ന ടെലിവിഷന്‍ സെറ്റുകള്‍ സോണി ബ്രാവിയ ബ്രാന്‍ഡില്‍ തന്നെയാകും തുടര്‍ന്നും വിപണിയിലിറക്കുക. അതേസമയം, ടിസിഎല്ലിന്റെ ടെക്‌നോളജിയായിരിക്കും ഇതിനായി ഉപയോഗിക്കുക. ബ്രാന്‍ഡ് ഡെവലപ്‌മെന്റ്, വിതരണസംവിധാനങ്ങള്‍, ഓഡിയോ സെക്ഷന്‍ എന്നിവയിലെല്ലാം സോണിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കും.

രണ്ട് കമ്പനികളും ചേര്‍ന്ന് ഹോം എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ പുതിയൊരു സംരംഭത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മികച്ചൊരു കാഴ്ച്ച അനുഭവം സമ്മാനിക്കാനാകുമെന്ന് സോണി സിഇഒ കിമിയോ മക്കി (Kimio Maki) വ്യക്തമാക്കി.

ആഗോള ടിവി മാര്‍ക്കറ്റ്

മൊബൈല്‍ ഫോണിലേക്ക് കാഴ്ച്ചരീതികള്‍ മാറിയതോടെ ലോകമെമ്പാടും ടിവി വില്പനയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിനൊപ്പം മത്സരവും കടുത്തതോടെ ഈ മേഖലയില്‍ നിന്നുള്ള വരുമാനവും ഇടിഞ്ഞിട്ടുണ്ട്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ടാബ് എന്നീ ഉത്പന്നങ്ങളുടെ നിര്‍മാണം സോണി അവസാനിപ്പിച്ചിരുന്നു. എല്‍സിഡി ടിവി വിപണിയിലിറക്കുന്നതും അവര്‍ നേരത്തെ നിര്‍ത്തിയിരുന്നു.

ജാപ്പനീസ് ടിവി നിര്‍മാതാക്കള്‍ക്ക് മുമ്പുണ്ടായിരുന്ന ആധിപത്യം വിപണിയില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചൈനീസ്, ദക്ഷിണകൊറിയന്‍ കമ്പനികളുടെ കടന്നുകയറ്റമാണ് ജപ്പാനില്‍ നിന്നുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT