Industry

വര്‍ക്ക് ഫ്രം ബഹിരാകാശം; ബെസോസിന്റെ വ്യവസായ പാര്‍ക്ക് വരുന്നു

32,000 sq ft വ്യവസായ പാര്‍ക്കില്‍ ഹോട്ടല്‍ മുതല്‍ സിനിമാ ചിത്രീകരണത്തിനുള്ള സൗകര്യങ്ങള്‍ വരെ ഉണ്ടാകും.

Dhanam News Desk

കടലുപോലെ വിശാലമായ ഇരുട്ട്. താഴെ നീല ഗോളമായി ഇത്രയും നാള്‍ ജീവിച്ച ഭൂമി. അങ്ങ് ബഹിരാകാശ നിലയിത്തിലെ ജോലിക്കിടെ ജനലിലൂടെയുള്ള കാഴ്ചകള്‍ ഒരു പക്ഷെ നിങ്ങളെ ഒരു കവിത എഴുതാന്‍ പ്രേരിപ്പിച്ചേക്കാം.

വര്‍ക്ക് ഫ്രം ഹോം എന്ന് പറഞ്ഞ് ശീലിച്ചവര്‍ക്ക് ഇനി അധികം താമസിയാതെ വര്‍ക്ക് ഫ്രം സ്‌പേസ്/ (ബഹിരാകാശം)എന്നും പറയാം. അതിനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അദ്ദഹത്തിന്റെ ബ്ലൂ ഒര്‍ജിന്‍ കമ്പനിയും. ബഹിരാകാശത്ത് ബ്ലൂ ഒര്‍ജിന്‍ ഒരുക്കുന്ന വ്യവസായ പാര്‍ക്കിന്റെ പേര് "ഓര്‍ബിറ്റല്‍ റീഫ്" എന്നാണ്.

32,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഓര്‍ബിറ്റല്‍ റീഫില്‍ സിനിമ ചിത്രീകരണം ഗവേഷണം തുടങ്ങിയവക്കുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ഹോട്ടലും ഉണ്ടാകുമെന്നാണ് ബ്ലൂ ഒര്‍ജിന്‍ അറിയിച്ചത്. ഈ ദശകത്തിന്റെ രണ്ടാം പാദത്തിലായിരിക്കും ഓര്‍ബിറ്റല്‍ റീഫ് യാഥാര്‍ത്ഥ്യമാവുക.

ഒരു മിക്‌സഡ് യൂസ് ബിസിനസ് പാര്‍ക്കായി ആണ് ഓര്‍ബിറ്റല്‍ റീഫ് പ്രവര്‍ത്തിക്കുക. ബഹിരാകാശത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുതിയ വിപണിയും വികസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാവും ഓര്‍ബിറ്റല്‍ റീഫ് ഒരുക്കുക.

ബഹിരാകാശ ഏജന്‍സികള്‍, നിക്ഷേപകര്‍, ഗവേഷകര്‍, മീഡിയ, ട്രാവല്‍ കമ്പനികള്‍, സംരംഭകര്‍, തുടങ്ങി സ്വന്തമായി ബഹിരാകാശ പദ്ധതികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്കും ഓര്‍ബിറ്റല്‍ റീഫില്‍ ഇടമുണ്ടായിരിക്കുമെന്ന് ബ്ലൂ ഒര്‍ജിന്‍ അറിയിച്ചു.

ഏയ്‌റോ സ്‌പെയ്‌സ് കമ്പനിയായ ബോയിങ്ങുമായി ചേര്‍ന്നാണ് ബെസോസ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത്. സിയറ സ്‌പെയ്‌സ്, ജെനസിസി എന്‍ഞ്ചിനീയറിംഗ് സെലൂഷന്‍സ്, റെഡ്വയര്‍ സ്‌പെയ്‌സ്, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവരും ബസോസിന്റെ പദ്ധതിയുമായി സഹകരിക്കും.ഈ വര്‍ഷം ജൂലൈ 20ന് ആണ് ജെഫ് ബെസോസും സംഘവും ബ്ലൂ ഒര്‍ജിന്റെ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബഹിരാകാശ യാത്ര നടത്തിയത്. പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വീതം ബ്ലൂ ഒര്‍ജിനില്‍ നിക്ഷേപിക്കാനാണ് ബെസോസിന്റെ പദ്ധതി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT