Image courtesy: Canva
Industry

എൻവിഡിയ സി.ഇ.ഒ ജെൻസൺ ഹുവാങിന്റെ ബന്ധം വിവാദത്തിൽ; ആലീസ് ഹുവാങ് ആരാണ്, ഇരുവരും അടുത്തത് എങ്ങനെ?

വിദേശ ചാരസംഘടനകളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് എൻവിഡിയ ഭരണസമിതി അന്വേഷിക്കുന്നു

Dhanam News Desk

ആഗോള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ (Nvidia) സഹസ്ഥാപകനും സി.ഇ.ഒയുമായ ജെൻസൺ ഹുവാങ്, സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് വംശജയായ ബിസിനസ് എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായി (Huang Le) വിവാഹേതര ബന്ധമുണ്ടായിരുന്നതായി കമ്പനി ജീവനക്കാർക്ക് അയച്ച കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (MSS) ആലീസ് ഹുവാങ്ങിനെ രഹസ്യാന്വേഷണ ഏജന്റായി ഉപയോഗിച്ചിരിക്കാം എന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

ആലീസ് ഹുവാങ് ആരാണ്?

ചൈനയിലെ ഹുനാൻ ടിവിയിലും സി.സി.ടി.വിയിലും (CCTV) ടെലിവിഷൻ റിപ്പോർട്ടറായി കരിയർ ആരംഭിച്ച വ്യക്തിയാണ് ആലീസ് ഹുവാങ്. പിന്നീട് എച്ച്.എസ്.ബി.സി പ്രൈവറ്റ് ബാങ്കിംഗ് പ്രസിഡന്റിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചുവെന്ന് അവകാശപ്പെടുന്ന അവർ, തുടർന്നാണ് സിംഗപ്പൂർ കേന്ദ്രമായുള്ള 'മെഗാസ്പീഡ്' (Megaspeed) എന്ന നിയോക്ലൗഡ് കമ്പനിയുടെ ഉന്നത ചുമതലയിലേക്ക് മാറുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയയുടെ പ്രധാന ക്ലൗഡ് ബിസിനസ് പങ്കാളിയും പ്രമുഖ ഉപഭോക്താവുമാണ് മെഗാസ്പീഡ്.

ഇരുവർക്കുമിടയിലെ ബന്ധം വളർന്നത് എങ്ങനെ?

2024-ൽ മെഗാസ്പീഡിന്റെ മുതിർന്ന എക്സിക്യൂട്ടീവ് എന്ന നിലയിലാണ് ജെൻസൺ ഹുവാങ് ആലീസ് ഹുവാങ്ങിനെ ആദ്യമായി പരിചയപ്പെടുന്നത്. തായ്‌പേയിലെ ഒരു ബാറിൽ വച്ച് ജെൻസൺ ഹുവാങ്ങിനെ തങ്ങൾക്കൊപ്പം ക്ഷണിച്ചുവരുത്താമെന്ന് ആലീസ് സുഹൃത്തുക്കളോട് പന്തയം വയ്ക്കുകയും, ആലീസിന്റെ ക്ഷണപ്രകാരം ഹുവാങ് അവിടെയെത്തി ഡ്രിങ്ക് പങ്കുവെക്കുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2024-ലെ ഒരു ഇൻഡസ്ട്രി പാർട്ടിയിലും, 2025-ൽ തായ്‌പേയിൽ നടന്ന കമ്പ്യൂട്ടെക്സ് (Computex) പരിപാടിക്കിടെ ജെൻസൺ ഹുവാങ് സംഘടിപ്പിച്ച അത്താഴവിരുന്നിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും പൊതുമധ്യത്തിൽ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്തു.

രഹസ്യാന്വേഷണ സംശയവും അന്വേഷണവും

എൻവിഡിയയുടെ അത്യാധുനിക എഐ (AI) ചിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ചൈനയിലേക്ക് വിതരണം ഉറപ്പാക്കാൻ സ്വാധീനം ചെലുത്താനും വേണ്ടി ചൈനീസ് ഏജൻസി ആലീസിനെ ഉപയോഗിച്ചതായി അമേരിക്കൻ ഏജൻസികള്‍ സംശയിക്കുന്നു. തുടക്കത്തിൽ ഇതൊരു സാധാരണ ബിസിനസ് ബന്ധം മാത്രമാണെന്ന് ജെൻസൺ ഹുവാങ്ങും എൻവിഡിയയും വിശദീകരിച്ചിരുന്നെങ്കിലും പിന്നീട് സത്യാവസ്ഥ തുറന്നുപറയുകയായിരുന്നു. വിദേശ ചാരസംഘടനകളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് എൻവിഡിയ ഭരണസമിതി സ്വതന്ത്രമായി അന്വേഷിക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങളോ ദേശീയ സുരക്ഷയോ ലംഘിക്കപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ പ്രാഥമിക നിഗമനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT