Industry

ജെറ്റിന് നിക്ഷേപകരെ വേണം, ഹിന്ദുജ സഹോദരന്മാരെ തേടി ബാങ്കുകൾ ലണ്ടനിലേക്ക്  

Dhanam News Desk

കടക്കെണിയിലായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്സിനെ കരകയറ്റാൻ പുതിയ നിക്ഷേപകരെ തേടുന്ന തിരക്കിലാണ് എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യം. ജെറ്റിന്റെ പ്രധാന ഓഹരി പങ്കാളിയായ എത്തിഹാദ് എയർവേയ്‌സും ബാങ്കുകളും ഇതിനായി ഇപ്പോൾ ലണ്ടനിലെ ഹിന്ദുജാ ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ്.

യുകെയിലെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ. ഇതുവരെ ജെറ്റിൽ നിക്ഷേപിക്കാമെന്ന ഉറപ്പ് ഗ്രൂപ്പിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ സാധ്യതകളിന്മേൽ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹിന്ദുജ ഗ്രൂപ്പിന്റെ മേധാവിയായ ജിപി ഹിന്ദുജയെ എത്തിഹാദാണ് ആദ്യം സമീപിച്ചത്. എത്തിഹാദുമായി ഇക്കാര്യം സംസാരിക്കാൻ ഗ്രൂപ്പിന്റെ ഇന്ത്യ ബിസിനസ് നയിക്കുന്ന ഇളയ സഹോദരൻ അശോക് ഹിന്ദുജയെ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ഹിന്ദുജ ഗ്രൂപ്പിന് രാജ്യാന്തര തലത്തിൽ പത്തോളം മേഖലകളിൽ ബിസിനസ് ഉണ്ട്. ഓട്ടോമോട്ടീവ്, ഓയിൽ & സ്പെഷ്യലിറ്റി കെമിക്കൽസ്, മീഡിയ, ഐറ്റി, പവർ, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ് എന്നിവ ഇതിലുൾപ്പെടും. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രക്ക് നിർമാതാക്കളായ അശോക് ലെയ്‌ലൻഡ് ഹിന്ദുജ ഗ്രൂപ്പിന് കീഴിലാണുള്ളത്.

നിലവിൽ ജെറ്റ് എയർവേയ്‌സിനായി ബിഡ് സമർപ്പിക്കാൻ ബാങ്കുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത് എത്തിഹാദിനെ മാത്രമാണ്. 24 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തത്തിന് എത്തിഹാദിന് താല്പര്യമില്ല. അതുകൊണ്ട് വെറും 1,700 കോടി രൂപ മാത്രമേ എത്തിഹാദ് നിക്ഷേപിക്കുകയുള്ളൂ.

എന്നാൽ ജെറ്റിന് കരകയറണമെങ്കിൽ 15,000 കോടി രൂപയെങ്കിലും വേണം. എയർലൈന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വ്യക്തമായതോടെ, സിഇഒ ഉൾപ്പെടെ നാല് ഉയർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാജി വെച്ചു. സിഇഒ വിനയ് ദുബെ, ഡെപ്യൂട്ടി സിഇഒ -സിഎഫ്ഒ അമിത് അഗർവാൾ, ചീഫ് പീപ്പിൾസ് ഓഫീസർ രാഹുൽ തനേജ, കമ്പനി സെക്രട്ടറി കുൽദീപ് ശർമ്മ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT