Industry

ജുന്‍ജുന്‍വാല പ്രൊമോട്ട് ചെയ്യുന്ന വിമാനക്കമ്പനിക്ക് പച്ചക്കൊടി; 'ആകാശ'യെക്കുറിച്ച് 5 കാര്യങ്ങള്‍

യാത്രക്കാര്‍ക്ക് നിരക്ക് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് എത്തുന്ന ആകാശ 2021 അവസാനത്തോടെ പറന്നുയരും. കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

Dhanam News Desk

രാകേഷ് ജുന്‍ജുന്‍വാല പ്രൊമോട്ട് ചെയ്യുന്ന ആകാശ എയറിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കമ്പനി അപേക്ഷ സമര്‍പ്പിച്ചതായി ജുന്‍ജുന്‍വാല തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ദിവസം ഡിജിസിഎയില്‍ നിന്നും നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ നിരക്ക് വാഗാദാനം ചെയ്ത് 2021 അവസാനത്തോടെ വ്യോമയാന ബിസിനസിലേക്കെത്തുന്ന ആകാശ എയറിനെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ കാണാം.

1. ആകാശ എയര്‍ എന്ന പേരില്‍ എത്തുന്ന അള്‍ട്രാ ലോ കോസ്റ്റ് കരിയറില്‍(യുഎല്‍സിസി) നാരോ ബോഡി എയര്‍ക്രാഫ്റ്റുകളുള്‍ക്കൊള്ളുന്ന ബോയിംഗ് ഫ്‌ളീറ്റാകും ഉണ്ടായിരിക്കുക.

2. ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ്, ജുന്‍ജുന്‍വാല, മുന്‍ ജെറ്റ് എയര്‍വേയ്‌സ് സിഇഒ വിനയ് ദുബെ എന്നിവര്‍ ആകാശയുടെ സഹസ്ഥാപകനായിരിക്കും.

3. ആകാശയിലെ മറ്റ് പ്രധാന തസ്തികകളില്‍ മുന്‍ ജെറ്റ് എയര്‍വേയ്‌സ് സീനിയര്‍ വി പിയായിരുന്ന പ്രവീണ്‍ അയ്യര്‍ ഉണ്ടാകും. സിഒഒ റോള്‍ ആകും അദ്ദേഹത്തിന്. മുന്‍ ഗോ എയര്‍ റവന്യൂ മാനേജ്‌മെന്റ് വി പി ആനന്ദ് ശ്രീനിവാസന്‍ സിടിഒ ആകും, മുന്‍ ജെറ്റ് ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് വി പി ഫ്‌ളോയ്ഡ് ഗ്രേഷ്യസ് സമാനമായ റോള്‍ വഹിക്കും. വ്യവസായ പ്രമുഖനായ നീലു ഖത്രി കോര്‍പ്പറേറ്റ് കാര്യങ്ങളുടെ തലവനായിരിക്കുമെന്നും സൂചനകള്‍.

4. ഇന്‍ഡിഗോയുടെ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്റ്ററുമായിരുന്ന ആദിത്യ ഘോഷ് 2018 നു ശേഷം വ്യോമയാന രംഗത്തേക്ക് നടത്തുന്ന തിരിച്ചുവരവായിരിക്കും ഇത്. നിലവില്‍ ഫാബ് ഇന്ത്യ, ഓയോ റൂംസ് എന്നിവയുടെ ബോര്‍ഡ് മെമ്പര്‍ ആണ് ഇദ്ദേഹം.

5. ജുന്‍ജുന്‍വാലയ്ക്ക് പുറമേ, മറ്റ് നിക്ഷേപകരാകുന്നത് എയര്‍ബിഎന്‍ബി, പാര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് എന്നിവരാണ്. പാര്‍ ക്യാപിറ്റലിന് യുഎസിലെ യുഎല്‍സിസിയായ സണ്‍ കണ്‍ട്രി എയര്‍ലൈനുകളിലും താല്‍പ്പര്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT