Industry

വിമാനയാത്രയിലും സേവനങ്ങള്‍ നല്‍കാനൊരുങ്ങി ജിയോ; പുതിയ കരാറില്‍ ഒപ്പുവച്ചു

Dhanam News Desk

22 വിദേശ വിമാന കമ്പനികളുമായി ഇന്‍ഫ്ളൈറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കരാറിലെത്തിയിരിക്കുകയാണ് ജിയോ. അതായത്, പേര്‌സൂചിപ്പിക്കും പോലെ തന്നെ വിമാനയാത്രയ്ക്കിടയില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള പദ്ധതി. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ രാജ്യാന്തര റൂട്ടുകളില്‍ 22 വിമാനങ്ങളിലാണ് റിലയന്‍സ് ജിയോ മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി വിമാനക്കമ്പനികളുമായി ധാരണാ പത്രം ഒപ്പുവച്ചു. മാത്രമല്ല ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും ജിയോ പ്രഖ്യാപിച്ചു.

കാഥെ പസിഫിക്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേസ്, യൂറോ വിംഗ്‌സ്, ലുഫ്താന്‍സ, മാലിന്‍ഡോ എയര്‍, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, അലിറ്റാലിയ തുടങ്ങി കമ്പനികളുമായാണ് റിപ്പോര്‍ട്ടുകളനുസരിച്ച് ജിയോ ധാരണയിലെത്തിയിട്ടുള്ളത്. ഇതോടെ ഇന്‍-ഫ്‌ലൈറ്റ് സേവനം നല്‍കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടെലികോം കമ്പനിയായി ജിയോ മാറി. ടാറ്റാ ഗ്രൂപ്പാണ് ആദ്യത്തേത്. ടാറ്റയുടെ വിസ്താര എയര്‍ലൈന്‍സിലായിരുന്നു ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

വെറും 499 രൂപയില്‍ ആരംഭിക്കുന്നതാണ് പ്ലാനുകള്‍. നിലവില്‍ മൂന്ന് രാജ്യാന്തര റോമിംഗ് പായ്ക്കുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ഒരു ദിവസത്തെ കാലാവധിയുള്ള 499 രൂപ, 699 രൂപ, 999 രൂപ എന്നിവയാണ് പ്ലാനുകള്‍.

എല്ലാ പ്ലാനുകളിലും 100 മിനിറ്റ് ഔട്ട്ഗോയിംഗ് വോയ്സ് കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുമ്പോള്‍, 499 പ്ലാനില്‍ 250 മെഗാബൈറ്റ് (എംബി) മൊബൈല്‍ ഡേറ്റയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 699 പ്ലാനില്‍ 500 എംബിയും 999 പ്ലാനില്‍ 1 ജിബി ഡേറ്റയും ലഭിക്കും. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തിയാല്‍ വിമാനങ്ങളിലുള്ളവര്‍ക്ക് ജിയോ ഇന്റര്‍നെറ്റ്, കോള്‍, എസ്എംഎസ് സേവനങ്ങള്‍ നല്‍കും.

ഇന്‍-ഫ്‌ളൈറ്റ് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആദ്യ തവണ ഉപയോക്താക്കള്‍ ജിയോ നെറ്റ്വര്‍ക്കില്‍ പ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ടെന്ന് ജിയോ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ രാജ്യാന്തര റോമിംഗ് സേവനങ്ങള്‍ ജിയോഫോണിലും ജിയോയുടെ വൈഫൈ ഉപകരണത്തിലും പ്രവര്‍ത്തിക്കില്ല. ഇന്‍കമിംഗ് കോളുകളെക്കുറിച്ചും ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT