canva 
Industry

റീഇന്‍ഷുറന്‍സില്‍ ഇനി ജിയോ-അലയന്‍സ് കൂട്ടുസംരംഭം, ലക്ഷ്യം വയ്ക്കുന്നത് ₹3.65 ലക്ഷം കോടിയുടെ വിപണിയിലേക്ക്

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് അലയന്‍സ് വേര്‍പിരിഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്

Dhanam News Desk

ഇന്ത്യയില്‍ റീ ഇന്‍ഷുറന്‍സ് ബിസിനസ് നടത്താന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജര്‍മനിയുടെ അലയന്‍സ് എന്നിവ സംയുക്ത സംരംഭം രൂപീകരിച്ചു. അലയന്‍സ് ജിയോ റീ ഇന്‍ഷുറന്‍സ് ലിമിറ്റഡ് എന്ന പേരിലാകും റീ ഇന്‍ഷുറന്‍സ് ബിസിനസ് നടത്തുക. ഇന്‍ഷുറന്‍സ് വികസന-നിയന്ത്രണ അതോറിട്ടിയില്‍ നിന്ന് കമ്പനിക്ക് നിരാക്ഷേപ പത്രം ലഭിച്ചു.

സംയുക്ത സ്ഥാപനത്തിലെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായി ആദ്യഘട്ടത്തില്‍ 10 രൂപ മുഖവിലയുള്ള 25,000 ഇക്വിറ്റി ഓഹരികളുടെ പ്രാരംഭ സബ്സ്‌ക്രിപ്ഷനായി 2.50 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ജിയോഫിനാന്‍ഷ്യല്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈ18നാണ് റീഇഷുറന്‍സ് സംരംഭം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും കരാറില്‍ ഏര്‍പ്പെട്ടത്. ബജാജ് ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് അലയന്‍സ് വേര്‍പിരിഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.

വലിയ വിപണി മുന്നില്‍കണ്ട്‌

ജിയോഫിനാന്‍ഷ്യലിന്റെ ആഴത്തിലുള്ള പ്രാദേശിക വൈദഗ്ധ്യവും ശക്തമായ ഡിജിറ്റല്‍ ആധിപത്യവും അലയന്‍സിന്റെ ശക്തമായ അണ്ടര്‍റൈറ്റിംഗ്, ആഗോള റീഇന്‍ഷുറന്‍സ് കഴിവുകളും സംയോജിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തോടെയെന്ന് കമ്പനി പറയുന്നു.

അലയന്‍സിന്റെ ഇന്ത്യയിലെ നിലവിലുള്ള അലയന്‍സ് റീ, അലയന്‍സ് കൊമേഴ്സ്യല്‍ പോര്‍ട്ട്ഫോളിയോകളും പ്രവര്‍ത്തനങ്ങളും സംയുക്ത സംരംഭം പ്രയോജനപ്പെടുത്തും. വിലനിര്‍ണയം, റിസ്‌ക് സെലക്ഷന്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് വൈദഗ്ദ്ധ്യം എന്നിവയിലെല്ലാം അലയന്‍സിന്റെ ആഗോള കരുത്ത് പ്രയോജനപ്പെടുത്താനാകുമെന്നാണ്‌ കമ്പനി കരുതുന്നത്.

2024-ല്‍ ഇന്ത്യയുടെ റീഇന്‍ഷുറന്‍സ് വിപണി 1920 കോടി ഡോളറായിരുന്നു (ഏകദേശം 1.69 ലക്ഷം കോടി രൂപ). 2033 ആകുമ്പോഴേക്കും ഇത് 4150 ബില്യണ്‍ ഡോളറിലെത്തുമെന്നും( 3.65 ലക്ഷം കോടി രൂപ) 2025-2033 കാലയളവില്‍ 8.92% വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) നേടുമെന്നുമാണ് ഐഎംആര്‍സി ഗ്രൂപ്പ് പറയുന്നത്. ഈ വിപണി ലക്ഷ്യം വച്ചാണ് ജിയോ-അലയന്‍സ് സംയുക്ത സംരഭം റീഇന്‍ഷുറന്‍സിലേക്ക് കടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT