ഇന്ത്യന്‍ വിനോദ വ്യവസായ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ സ്റ്റുഡിയോസ് (Jio Studios), പ്രശസ്ത ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സിഖ്യാ എന്റര്‍ടൈന്‍മെന്റിന്റെ (Sikhya Entertainment) ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. 150 കോടി രൂപയ്ക്കാണ് സിഖ്യയുടെ 50.1 ശതമാനം ഓഹരികള്‍ റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ് വഴിയാണ് ഈ ഇടപാട് പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ സിനിമയെ ലോകവേദികളിലെത്തിച്ച ഗുനീത് മോംഗ കപൂര്‍, അച്ചിന്‍ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് സിഖ്യാ എന്റര്‍ടൈന്‍മെന്റ്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസ്പറേഴ്‌സ്' (The Elephant Whisperers), 'പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്' (Period. End of Sentence) എന്നീ ഡോക്യുമെന്ററികള്‍ക്ക് പിന്നില്‍ സിഖ്യയാണ്. കൂടാതെ 'ലഞ്ച് ബോക്‌സ്', 'മസാന്‍', സുറാറൈ പോട്ര് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും സിഖ്യയുടേതായുണ്ട്.
ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ വിതരണ ശൃംഖലയും സിഖ്യയുടെ കരുത്തുറ്റ കഥപറച്ചില്‍ രീതിയും ഒന്നിക്കുന്നതിലൂടെ ആഗോള നിലവാരത്തിലുള്ള സിനിമകളും സീരീസുകളും നിര്‍മ്മിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 'സ്ത്രീ 2', 'ലാപതാ ലേഡീസ്' തുടങ്ങിയ വമ്പന്‍ ഹിറ്റുകളിലൂടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ജിയോ സ്റ്റുഡിയോസ് കരുത്ത് തെളിയിച്ചിട്ടുണ്ട്. ഗുനീത് മോംഗയുടെ സര്‍ഗ്ഗാത്മകമായ നേതൃത്വവും ജിയോയുടെ സാമ്പത്തിക ഭദ്രതയും ഒന്നിക്കുമ്പോള്‍ അത് ഇന്ത്യന്‍ മീഡിയ മേഖലയില്‍ പുതിയൊരു വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് ജിയോ സ്റ്റുഡിയോസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.
'കഥകള്‍ക്ക് മനുഷ്യരെയും സംസ്‌കാരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ജിയോ സ്റ്റുഡിയോസുമായുള്ള പങ്കാളിത്തം ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കും,' ഗുനീത് മോംഗ പ്രതികരിച്ചു.
മീഡിയ, എന്റര്‍ടൈന്‍മെന്റ് സെക്ടറില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്ന റിലയന്‍സിന്റെ പുതിയ നീക്കം വിപണിയില്‍ വലിയ ചലനമുണ്ടാക്കും. ഡിസ്‌നി ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിന് പിന്നാലെ പ്രാദേശിക-അന്തര്‍ദേശീയ ഉള്ളടക്ക നിര്‍മ്മാണത്തില്‍ ആധിപത്യം സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine