Image courtesy: hotstar.com, x.com/IamSanjuSamson
Industry

ജിയോ സ്റ്റാറില്‍ നിന്ന് 1,100 ലധികം പേരെ പിരിച്ചു വിടാന്‍ അംബാനി; ലക്ഷ്യം വെക്കുന്നത് 100 കോടി കാഴ്ചക്കാര്‍, ഐ.പി.എല്ലില്‍ നിന്ന് ₹ 5,000 കോടി പരസ്യം

സ്പോർട്സ് പോർട്ട്ഫോളിയോ വികസിപ്പിക്കാനുളള പദ്ധതികള്‍ക്ക് വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്

Dhanam News Desk

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വയാകോം18 ഉം വാൾട്ട് ഡിസ്നി കമ്പനിയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്ന് രൂപീകരിച്ച സംരംഭമായ ജിയോ ഹോട്ട്സ്റ്റാർ പ്രവര്‍ത്തനം തുടങ്ങിയത് അടുത്തിടെയാണ്. രണ്ട് കമ്പനികളും ഒന്നായതോടെ അധിക ജീവനക്കാരെ പിരിച്ചു വിടാനുളള നടപടികള്‍ ജിയോസ്റ്റാര്‍ ആരംഭിച്ചതായി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1,100 ലധികം ജീവനക്കാരെയാണ് ഇത്തരത്തില്‍ പിരിച്ചുവിടുന്നത്. പിരിച്ചു വിടല്‍ പ്രക്രിയ ജൂണ്‍ വരെ തുടരുമെന്നാണ് റിപ്പോര്‍ട്ടുളളത്.

ജോലിയില്‍ ഓവർലാപ്പിംഗ് റോളുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിരിച്ചു വിടലെന്നാണ് കമ്പനിയുടെ വിശദീകരണം. ഡിസ്ട്രിബ്യൂഷൻ, ഫിനാൻസ്, കൊമേഴ്‌സ്യൽ ടീമുകളിലാണ് പ്രധാനമായും പിരിച്ചു വിടല്‍ നടക്കുന്നത്. എൻട്രി ലെവൽ സ്റ്റാഫ് മുതൽ സീനിയർ മാനേജർമാർ, ഡയറക്ടർമാർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ തുടങ്ങി എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പുതിയ ചാനലുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL), ചാമ്പ്യൻസ് ട്രോഫി, വനിതാ പ്രീമിയർ ലീഗ് (WPL) തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ ജിയോ സ്റ്റാറിലാണ് എത്തുന്നത്. ഇവയുടെ സംപ്രേക്ഷണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പ്രാദേശിക വിനോദ ചാനലുകളെ പിരിച്ചു വിടല്‍ ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കളേഴ്‌സ് കന്നഡ, കളേഴ്‌സ് ബംഗ്ല തുടങ്ങിയ ചാനലുകളെ ഇത് സാരമായി ബാധിച്ചേക്കും.

അതേസമയം പുതിയ ചാനലുകൾ ആരംഭിക്കാനുള്ള പദ്ധതികളും ജിയോസ്റ്റാറിനുണ്ട്. സ്പോർട്സ് പോർട്ട്ഫോളിയോ വികസിപ്പിക്കാനുളള പദ്ധതികള്‍ക്ക് കമ്പനി വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്.

70,352 കോടി രൂപ മൂല്യമുളള ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനിയാണ് ജിയോ സ്റ്റാര്‍. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ആഗോള സ്ട്രീമിംഗ് വമ്പന്മാര്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ജിയോസ്റ്റാര്‍ ഉയര്‍ത്തുന്നത്. റിലയൻസ് ഇൻഡസ്ട്രീസാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്, ഡിസ്നിക്ക് 36.84 ശതമാനം ഉടമസ്ഥാവകാശമാണ് ഉളളത്. കമ്പനിയുടെ ചെയർപേഴ്‌സണായി നിത അംബാനിയും വൈസ് ചെയർപേഴ്‌സണായി ഉദയ് ശങ്കറുമാണ് പ്രവര്‍ത്തിക്കുന്നത്.

ഐ.പി.എല്‍

കളേഴ്‌സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ്, സ്റ്റാർ സ്‌പോർട്‌സ് തുടങ്ങിയ പ്രമുഖ ടിവി ചാനലുകള്‍ ഉള്‍ക്കൊളളുന്നതാണ് ജിയോസ്റ്റാര്‍. ഇന്ത്യയില്‍ 100 കോടി കാഴ്ചക്കാര്‍ എന്ന ബൃഹദ് ലക്ഷ്യമാണ് കമ്പനിക്കുളളത്.

2025 ലെ ഐ‌പി‌എല്ലില്‍ നിന്ന് 5,000 കോടി രൂപയുടെ റെക്കോഡ് പരസ്യ വരുമാനം സ്വന്തമാക്കാനാണ് കമ്പനിക്ക് പദ്ധതിയുളളത്. ഈ മാസം 22 നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. സഞ്ജു സാംസണ്‍ അടക്കം പല കേരള രഞ്ജി താരങ്ങളും പങ്കെടുക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് വലിയ കാഴ്ചക്കാരാണ് മലയാളികള്‍ക്കിടയിലുളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT