Industry

65000 കോടി രൂപയുടെ നിക്ഷേപത്തോടെ വമ്പൻ ഉരുക്ക് നിർമാണ പദ്ധതി ഒഡീഷയിൽ

സജ്ജൻ ജിൻഡാലിന്റെ ജെ എസ് ഡബ്ലിയു സ്റ്റീൽ-ാണ് (JSW Steel) പദ്ധതി നടപ്പാക്കുന്നത്

Dhanam News Desk

ഒഡീഷയിൽ 2950 ഏക്കറിൽ 65,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഒരു വമ്പൻ ഉരുക്ക് നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിൽ ഉള്ള ജെ എസ് ഡബ്ലിയു സ്റ്റീൽ.ദക്ഷിണ കൊറിയയിലെ പ്രമുഖ ഉരുക്ക് നിർമാണ കമ്പനിയായ പോസ്കോ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുടുങ്ങി അവർ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. പോസ്കോ 2005 ൽ സർക്കാരുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചെങ്കിലും 2017 ൽ വിവിധ തടസങ്ങൾ ഉണ്ടായതിനെ തുടർന്ന് ഉപേക്ഷിക്കുകയുമാണ് ചെയ്തത്.

നിലവിൽ സംസ്ഥാന സർക്കാർ 50 ഏക്കർ സ്ഥലം ഏറ്റെടുത്ത 9 കിലോമീറ്റർ ദൂരത്തിൽ അതിർത്തി കെട്ടി അടച്ചു കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ മുഴുവൻ സ്ഥലവും കമ്പനിക്ക് ലഭ്യമാക്കാൻ കഴിയുമെന്ന്, ഒഡീഷയുടെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഹേമന്ത് ശർമ്മ ഒരു പ്രമുഖ ദേശിയ ദിന പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു. ഈ പദ്ധതിക്ക് എതിരായി സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജികൾ ഒഡീഷ ഹൈ കോടതി തള്ളിയിരുന്നു.

13 ശതകോടി ഡോളർ ആസ്തിയുള്ള ജെ എസ് ഡബ്ലിയു ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയാണ് ജെ എസ് ഡബ്ലിയു സ്റ്റീൽ. നിലവിൽ 28 ദശലക്ഷം ടൺ വാർഷിക ഉൽപ്പാദനം വിവിധ ഉരുക്ക് ഉൽപന്നങ്ങളിൽ നടത്തുന്നുണ്ട്. പുതിയ പദ്ധതി നടപ്പാകുന്നതോടെ മൊത്തം ഉൽപാദനം 50 ദശലക്ഷം ടണ്ണായി വർധിക്കും. ഫ്ലാറ്റ് , ലോംഗ് സ്റ്റീൽ ഉൽപന്നങ്ങളാണ് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. ഹോട്ട് റോൾഡ്, കോൾഡ് റോൾഡ്, നിറം പൂശിയ ഉരുക്ക്, ഗാൽവനൈസ്ഡ് സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. പരദീപ് തുറമുഖത്തിന് ചേർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ജെ എസ് ഡബ്ലിയു ഗ്രൂപ്പിന് ഒഡീഷയിൽ 4 ഇരുമ്പയിര് ഖനന കേന്ദ്രങ്ങളും ഉണ്ട്. അതിനാൽ ഉരുക്ക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുവകൾ ലഭിക്കാൻ എളുപ്പമാണ്.

ആർസിലർ മിറ്റൽ, നിപ്പോൺ സ്റ്റീൽ എന്നിവരുടെ സംയുക്ത സംരംഭം പരദീപ്‌ തുറമുഖത്തിന് അടുത്ത് 6 ദശ ലക്ഷം ടൺ ഉൽപാദന ശേഷിയുള്ള ഉരുക്ക് നിർമാണ കേന്ദ്രം സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT