കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയില്‍പ്പാത വൈകില്ലെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്കായി രണ്ട് അലൈന്‍മെന്റുകള്‍ റെയില്‍വേയുടെ പരിഗണനയിലുണ്ട്. ടോക്കണ്‍ തുകയായി ശബരി റെയില്‍പ്പാതയ്ക്ക് ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഇനി സഹകരിക്കേണ്ടതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശബരിമലയ്ക്ക് ഏറ്റവും അടുത്തെത്തുംവിധം റെയില്‍പ്പാത നിര്‍മ്മിക്കാനുള്ള ആലോചനയാണ് കേന്ദ്രത്തിനുള്ളത്.
റെയില്‍വേ വികസനം: കേരളത്തിന് 2,744 കോടി
ഇടക്കാല ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി 2,744 കോടി രൂപ വകിയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 35 സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനുകളാക്കി വികസിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള നടപടികളും നടക്കുന്നു. നിലവില്‍ തിരുവനന്തപുരം-കായംകുളം പാതയില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗം. ഇത് 110 കിലോമീറ്ററായി ഉയര്‍ത്താനാണ് ശ്രമം. എറണാകുളം-ആലപ്പുഴ-കായംകുളം പാതയിലെ വേഗം 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററിലേക്കും ഉയര്‍ത്തും.
വന്ദേഭാരതിന് പ്രിയം, സില്‍വര്‍ലൈന്‍ തുലാസില്‍
രാജ്യത്ത് വന്ദേഭാരതിന് ഏറ്റവും പ്രിയം കേരളത്തിലാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിലെ യാത്രക്കാരുടെ അനുപാതം നിലവില്‍ 193 ശതമാനമാണ്. ഡല്‍ഹി-വാരാണസി ഉള്‍പ്പെടെ മറ്റ് റൂട്ടുകളിലെ അനുപാതം പരമാവധി 120 ശതമാനം മാത്രമേയുള്ളൂ.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ സില്‍വര്‍ലൈന്‍ (കെ-റെയില്‍) പദ്ധതി ഉപേക്ഷിച്ച മട്ടാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവുമില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ വളവുകള്‍ നിവര്‍ത്താന്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വളവുകള്‍ നികത്തിയാല്‍ വന്ദേ ഭാരതിന് 160 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine