Image courtesy: Aranmula khadi 
Industry

'കടല്‍ കടന്ന ഖ്യാതി', കേരള ഖാദി ഉത്പന്നങ്ങള്‍ ദുബൈയില്‍ വില്‍പ്പനയ്ക്ക്

കൂടുതല്‍ വിദേശ വിപണികളിലേക്ക് കടക്കാന്‍ ലക്ഷ്യം

Dhanam News Desk

കേരളത്തിന്റെ സ്വന്തം ഖാദി ഉത്പന്നങ്ങള്‍ ആദ്യമായി വിദേശ വിപണിയിലേക്കുമെത്തുന്നു. ദുബൈ ദേശീയ ദിനത്തിന്റെ ഭാഗമായി അല്‍ക്വാസിസ്‌ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലാണ് ഖാദി വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന കേരളോത്സാവത്തില്‍ 20,000ത്തിലധികം മലയാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ കേന്ദ്രീകരിച്ചുള്ള മലയാളി സാംസംകാരിക സംഘടനയായ ഓര്‍മയുടെ (ഓവര്‍സീസ് മലയാളി അസോസിയേഷന്‍) നേതൃത്വത്തിലാണ് വില്‍പ്പന. ഖാദി ബോര്‍ഡിന്റെ നെറ്റ് വര്‍ക്ക് ശൃംഖലയായ ഖാദി ലവേഴ്‌സ് കൂട്ടായ്മയില്‍ വിദേശ മലയാളികള്‍ കൂടി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഓര്‍മ ഇതിന് മുന്നിട്ടിറങ്ങിയത്.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, ഒറ്റമുണ്ടുകള്‍, തോര്‍ത്ത്, കുപ്പടം സാരികള്‍, കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. ഖാദി ലവേഴ്‌സ് കൂട്ടായ്മയ്ക്ക് 15 ശതമാനം റിബേറ്റിലാണ് ഖാദി ബോര്‍ഡ് തുണിത്തരങ്ങള്‍ ലഭ്യമാക്കുന്നത്.

മറ്റ് വിപണികളിലേക്കും

നിലവില്‍ ഖാദി ഉത്പന്നങ്ങള്‍ ഫ്‌ളിപ് കാര്‍ട്ട് വഴിയും ഖാദി ലവേഴ്‌സ് നെറ്റ്‌വര്‍ക്ക് വഴിയും ഓൺലൈൻ വിൽപ്പന നടത്തുന്നുണ്ട്. കൂടാതെ  ദുബൈ, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഖാദി വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നതിന് ശ്രമങ്ങളും നടന്നു വരുന്നു.

ഈ സാമ്പത്തിക വര്‍ഷം മൊത്തം 150 കോടി രൂപയുടെ വില്‍പ്പനയാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇതുവരെ 30 കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നു. ക്രിസ്മസ്-പുതുവത്സര വില്‍പ്പനയിലൂടെയും മാർച്ചിൽ നടക്കുന്ന ഖാദി പക്ഷാചാരണത്തിലൂടെയും കൂടുതല്‍ വില്‍പ്പന നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്. അടുത്തയാഴ്‌ചയോടെ ക്രിസ്മസ്-പുതുവത്സര റിബേറ്റ് വില്‍പ്പന ആരംഭിക്കും. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT