'തുഷാര്‍' മെഗാ ടൂറിസം ബി2ബി മീറ്റിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു. 
Industry

കേരള ടൂറിസത്തിന് വ്യവസായ പദവി ഉടനെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്; തുഷാര്‍' മെഗാ ടൂറിസം ബി2ബി മീറ്റിന് തുടക്കം

മുന്നൂറോളം സ്റ്റാളുകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തിലധികം പ്രതിനിധികളും ട്രാവല്‍-ടൂര്‍ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ദ്വിദിന മേളയാണ് 'തുഷാര്‍'

Dhanam News Desk

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി (Industry Status) നല്‍കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്. കേരളൈറ്റ്‌സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (കെ.ടി.ടി.സി) കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'തുഷാര്‍' മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ പദവി ലഭിക്കുന്നതിലൂടെ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും നിക്ഷേപകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പിന്തുണയും ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിനായി ആരംഭിച്ച 'തുഷാര്‍' മേളയ്ക്ക് അഞ്ചാം എഡിഷനില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം നല്‍കിയതായും, വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിലും വലിയ പിന്തുണയുണ്ടാകുമെന്നും പി.സി വിഷ്ണുനാഥ് ഉറപ്പുനല്‍കി.

നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഉള്‍ക്കൊള്ളല്‍ ശേഷി നിറഞ്ഞ സാഹചര്യത്തില്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയുര്‍വേദം, മെഡിക്കല്‍ വാല്യൂ ട്രാവല്‍, അഡ്വഞ്ചര്‍, ഹെറിറ്റേജ്, വെല്‍നസ് തുടങ്ങി എല്ലാ ടൂറിസം ഉല്‍പ്പന്നങ്ങളെയും ആഗോളതലത്തില്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനൊപ്പം, ആഗോളതലത്തില്‍ ശ്രദ്ധനേടുന്ന 'സ്ലോ ട്രാവല്‍' (Slow Travel) സങ്കല്‍പ്പത്തിന് ഏറ്റവും അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഥമ തുഷാര്‍ സുവനീറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മുന്നൂറോളം സ്റ്റാളുകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തിലധികം പ്രതിനിധികളും ട്രാവല്‍-ടൂര്‍ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ദ്വിദിന മേളയാണ് 'തുഷാര്‍'. ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി പ്രസിഡന്റ് മനോജ് എം. വിജയന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹിയായ ഓസ്റ്റിന്‍ ബെന്നന്‍, സ്‌നോജ് മച്ചിങ്ങല്‍, ഡെന്നി ജോസ്, ഷാജി കല്ലായി, ഷിജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. നാളെ (നവംബര്‍ 28) വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT