കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റില്‍ (2025-26) പ്രഖ്യാപിച്ച 'കെ-ഹോംസ്' (K-Homes) പദ്ധതി ഒരു വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നിട്ടും, പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ അടിസ്ഥാന മാർഗരേഖ (Guidelines) പോലും ഇതുവരെ തയാറായിട്ടില്ല.
പ്രവാസി മലയാളികളുടേതടക്കം കേരളത്തിൽ പൂട്ടിക്കിടക്കുന്ന പത്ത് ലക്ഷത്തിലധികം വീടുകളെ ടൂറിസ്റ്റുകൾക്കായുള്ള അംഗീകൃത താമസകേന്ദ്രങ്ങളായി മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്നാർ, ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി പരിഗണിച്ചിരുന്നത്.
പദ്ധതിക്കായി അഞ്ച് കോടി രൂപ സർക്കാർ വകയിരുത്തുകയും ചെയ്തിരുന്നു. ഓരോ വർഷം കഴിയുന്തോറും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, അവർക്ക് കൂടുതൽ താങ്ങാനാവുന്ന താമസ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമായ പദ്ധതിയായിരുന്നു കെ-ഹോംസ്.
വിനോദസഞ്ചാര വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നിലവിൽ പ്രതിസന്ധി നേരിടുന്ന ഹോംസ്റ്റേ, സർവീസ് വില്ല മേഖലകളെ സഹായിക്കുന്നതിന് പകരം പുതിയ പദ്ധതിയെന്ന പേരിൽ സർക്കാർ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ വെറും 'നോൺ-സ്റ്റാർട്ടറുകൾ' ആയി മാറുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർവീസ് വില്ലകളും കെ-ഹോംസും തമ്മിൽ പ്രായോഗികമായി വലിയ വ്യത്യാസമില്ലെന്നും, നിലവിലുള്ളവയ്ക്ക് വിപണന സഹായം നൽകുന്നതാണ് ഉചിതമെന്നും അഭിപ്രായമുണ്ട്.
സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമ്പോഴും താങ്ങാനാവുന്ന താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇത്തരം കാലതാമസങ്ങൾ വിനയാകുന്നു. കെ-ഹോംസ് എന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ടൂറിസം വകുപ്പിന് ഇപ്പോഴും വ്യക്തതയില്ല.
Kerala’s K-Homes scheme for affordable tourist accommodation remains unimplemented a year after its budget announcement.
Read DhanamOnline in English
Subscribe to Dhanam Magazine