സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടിയിരിക്കുകയാണ് ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള. പൊതു വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഡാറ്റകള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ മെനയുന്നതാണ് കൊക്കകോളയുടെ കിൻലി സോഡയുടെ വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനം. 20 വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ കിന്‍ലി സോഡ അവതരിപ്പിച്ചിട്ട്.
ഇന്ത്യയിലെ 14 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഉല്‍പ്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പാതയോരങ്ങളിലെ ചെറിയ കടകള്‍, പലചരക്ക് കടകള്‍, മാളുകള്‍ മുതല്‍ പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. നൂതനാശയങ്ങളിലൂടെയുളള പരസ്യങ്ങളാണ് കമ്പനി എപ്പോഴും നല്‍കുന്നത്.
റിഫ്രഷ്‌മെന്റ് വിഭാഗത്തിൽ ഉപഭോക്താക്കൾ എന്താണോ ആഗ്രഹിക്കുന്നത്, അത് തങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു.
കൊക്കകോള സീറോ ഷുഗർ, ഡയറ്റ് കോക്ക്, തംസ് അപ്പ്, ചാർജ്ഡ് ബൈ തംസ് അപ്പ്, ഫാന്റ, ലിംക, സ്പ്രൈറ്റ്, മാസ, മിനിറ്റ് മെയ്ഡ് ശ്രേണിയിലുള്ള ജ്യൂസുകൾ തുടങ്ങിയവ ഉള്‍പ്പെടുന്ന വൈവിധ്യമുളള ഉല്‍പ്പന്ന ശ്രേണിയുമായാണ് കൊക്കകോള എന്ന അന്താരാഷ്ട്ര കമ്പനി ഉപയോക്താക്കളുടെ അടുത്തേക്ക് ചെല്ലുന്നത്. ലിംക സ്‌പോർട്‌സ്, സ്മാർട്ട് വാട്ടർ, കിൻലി, ദസാനി, ബോണാക്വ പാക്കേജ്ഡ് കുടിവെള്ളം, കിൻലി ക്ലബ് സോഡ എന്നിവയുൾപ്പെടുന്നതാണ് ഹൈഡ്രേഷൻ പാനീയങ്ങള്‍. ഫ്രാഞ്ചൈസി പങ്കാളിയായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡാണ് (DIL) കൊക്ക-കോളയുടെ കോസ്റ്റ കോഫി ഇന്ത്യയിൽ നടത്തുന്നത്.
മറ്റൊരു ബഹുരാഷ്ട്ര കമ്പനിയായ പെപ്സിയാണ് കൊക്കകോളയുടെ പ്രധാന എതിരാളി. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസും വന്‍ സാധ്യതകളുളള ഈ ശീതള പാനീയ വിപണിയില്‍ മത്സരം കടുപ്പിക്കുകയാണ്. 10 രൂപ വില തന്ത്രവുമായി കാമ്പ കോളയാണ് റിലയന്‍സ് അവതരിപ്പിച്ചിട്ടുളത്. 1970 കളിലും 80 കളിലും പ്രാദേശികമായി ചെറു കച്ചവടക്കാര്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്ന ഇന്ത്യയിലെ സോഡാ വിപണിയില്‍ വന്‍ കടന്നു കയറ്റമാണ് അന്താരാഷ്ട്ര കമ്പനികള്‍ നടത്തിയിരിക്കുന്നത്. ഗോലി സോഡ എന്ന വട്ട് സോഡ ഒരു കാലത്ത് കേരളത്തിലെ വഴിയോരക്കടകളില്‍ സുലഭമായി കിട്ടിയിരുന്നു.
1993 ല്‍ ഇന്ത്യന്‍ വിപണിയില്‍ പുനഃപ്രവേശനം നടത്തിയ ശേഷം കൊക്കകോളയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ക്ക് വലിയ കമ്പനികളുടെ പരസ്യ തന്ത്രങ്ങളിലും വിതരണ സംവിധാനങ്ങളിലും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണുളളത്.
The entry of Coca-Cola, Pepsi intensifies competition in India's soda market, challenging small-scale brands.
Read DhanamOnline in English
Subscribe to Dhanam Magazine