Industry

കോവിഡ്: കിഷോര്‍ ബിയാനിക്കും അടിതെറ്റുന്നു; 'ബിഗ് ബസാര്‍' കൈയില്‍ നിര്‍ത്താന്‍ തീവ്രശ്രമം

T.S Geena

കോവിഡ് 19 ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്തെ വമ്പനായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. മാതൃകമ്പനിയുടെ കടഭാരം, ഫണ്ട് സമാഹരണത്തിനായി ലിസ്റ്റഡ് കമ്പനികളില്‍ ഈട് നല്‍കിയിരിക്കുന്ന ഓഹരികളുടെ മൂല്യമിടഞ്ഞത്, കോവിഡ് 19 മൂലം വില്‍പ്പനയില്‍ വന്ന ഇടിവ് എന്നിവയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തിയിരിക്കുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ തന്റെ കൈവശമുള്ള ഓഹരികളില്‍ ബഹുഭൂരിപക്ഷം വില്‍പ്പന നടത്തിയും ഇന്‍ഷുറന്‍സ് കമ്പനിയായ ഫ്യൂച്ചര്‍ ജനറാലിയെ കൂടുതല്‍ വലിയ, മൂലധനമുള്ള കമ്പനിയില്‍ ലയിപ്പിച്ചും ഫണ്ട് കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് സാരഥി കിഷോര്‍ ബിയാനി ഇപ്പോള്‍ നടത്തുന്നത്. ഈയാഴ്ച ആദ്യം കിഷോര്‍ ബിയാനിയുടെ മാതൃകമ്പനിയായ ഫ്യൂച്ചര്‍ കോര്‍പ്പറേറ്റ് റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് (എഫ് സി ആര്‍ പി എല്‍) കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐഡിബിഐ ട്രസ്റ്റീഷിപ്പ് സര്‍വീസസില്‍ ഈട് വെച്ച ഓഹരികള്‍ അവരുടെ

കൈവശമാകുകയും ബിയാനിയുടെ ഓഹരി പങ്കാളിത്തം എട്ടുശതമാനമായി കുറയുകയും ചെയ്തു.

കൂടുതല്‍ പണം സമാഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണാതിരിക്കുകയോ നിലവിലുള്ള നിക്ഷേപകര്‍ പണം നല്‍കാതിരിക്കുകയോ ചെയ്താല്‍ ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള റീറ്റെയ്ല്‍ ശൃംഖലകള്‍ നടത്തുന്ന ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ നിയന്ത്രണം കിഷോര്‍ ബിയാനിയുടെ കൈയില്‍ നിന്ന് പോകും. ലിക്വിഡിറ്റി പ്രതിസന്ധിയെ മറികടക്കാന്‍ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ ( എഫ് ആര്‍ എല്‍) പ്രമോര്‍ട്ടര്‍ ഓഹരികള്‍ വില്‍ക്കാന്‍ പ്രേംജിഇന്‍വെസ്റ്റുമായെല്ലാം ബിയാനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അതിനിടെ എഫ്ആര്‍എല്ലിന്റെ അവകാശ ഓഹരികളിറക്കാനും ശ്രമം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ അവകാശ ഓഹരി വന്നാല്‍ എഫ്ആര്‍എല്ലില്‍ ബിയാനിയുടെ ഓഹരി പങ്കാളിത്തം വീണ്ടും ഇടിയുമെന്നതിനാല്‍ മതിയായ ഫണ്ട്

സമാഹരിക്കാന്‍ സാധിക്കുമോയെന്ന കാര്യവും സംശയമാണ്. കഴിഞ്ഞ ആഴ്ച ഇക്ര, എഫ് ആര്‍ സി പി എല്ലിന്റെ റേറ്റിംഗ്, വലിയ കടഭാരമുള്ളതുകൊണ്ട്, കുറച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വിലകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 70 ശതമാനമാണ് ഇടിഞ്ഞത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT