തെലങ്കാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ ഭീമന്‍ കിറ്റക്‌സ് ഗാര്‍മന്റ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1,001 കോടി രൂപ. നിക്ഷേപകര്‍ക്ക് ഒരു ഓഹരിക്ക് 50 പൈസ വീതം ലാഭവിഹിതം നല്‍കും.
നാലാം പാദത്തില്‍ ലാഭം 61.1 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 19.7 കോടിയുടെ ലാഭം ഇപ്പോള്‍ 31.8 കോടിയായി. 304.8 കോടി രൂപയാണ് നാലാം പാദ വരുമാനം. ഇതില്‍ 300 കോടി രൂപ പ്രവര്‍ത്തന വരുമാനമാണ്. മുന്‍ വര്‍ഷം നാലാം പാദ വരുമാനം 176.2 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭത്തിലുണ്ടായത് 141 ശതമാനത്തിന്റെ വര്‍ധനയാണ്. ശരാശരി ലാഭം 135.7 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 631 കോടിയുടെ വരുമാനത്തില്‍ നിന്നാണ് ഈ വര്‍ഷം 1,001 കോടിയില്‍ എത്തിയത്. ഓഹരികളില്‍ നിന്നുള്ള വരുമാനം ഒന്നിന് 1.66 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 1.01 രൂപയായിരുന്നു.
തെലങ്കാനയില്‍ കമ്പനിയുടെ പുതിയ പ്ലാന്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 5,000 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നികുതികള്‍ കമ്പനിയുടെ വരുമാനം കൂട്ടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഈ രംഗത്ത് കുറഞ്ഞ നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.
പ്രധാന എതിരാളികളെ അപേക്ഷിച്ച് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറവായതിനാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പ്രതീക്ഷ പുലര്‍ത്തുന്നു. യുഎസിലെ ടെക്‌സ്റ്റൈല്‍ വിപണിയുടെ ഒരു ശതമാനം നേടാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ ഓഹരികള്‍ 285 രൂപ നിരക്കിലാണ് വ്യാഴാഴ്ച ട്രേഡ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine