Representational image, courtesy: Canva
Industry

കടലിൽ നിന്ന് ആകാശത്തേക്ക്! കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ യാത്ര ഉടൻ യാഥാർത്ഥ്യമാകുന്നു, ടേക്ക് ഓഫിനൊരുങ്ങി പുതിയ ആകാശയാത്ര

കൊച്ചി-ലക്ഷദ്വീപ് സെക്ടറിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ച ശേഷമായിരിക്കും കേരളത്തിനകത്തുള്ള മറ്റ് സർവീസുകൾക്ക് തുടക്കമിടുക

Sutheesh Hariharan

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തില്‍. ഇതിനായുള്ള വിമാനം കൊച്ചിയിലെത്തി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുണ്ട്. ഇതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതിനോടകം ലഭിച്ചു. അടുത്ത ദിവസങ്ങളില്‍ പരീക്ഷണ പറക്കല്‍ നടത്തി ഉടന്‍ തന്നെ ലക്ഷദ്വീപിലേക്കുള്ള സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

സവിശേഷതകളും വിനോദസഞ്ചാരവും

പ്രധാനമായും വിനോദസഞ്ചാര മേഖലയ്ക്ക് (Tourism) വലിയ ഉണർവ് നൽകാൻ ഈ പദ്ധതി ലക്ഷ്യമിടുന്നതായി സിയാലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ലക്ഷദ്വീപിന് പുറമെ കുമരകം, മാട്ടുപ്പെട്ടി തുടങ്ങിയ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സർവീസുകൾ നടത്താൻ പദ്ധതിയുണ്ട്. സംസ്ഥാനത്തിനുള്ളിലെ നാല് പ്രധാന കേന്ദ്രങ്ങളിലേക്ക് സീപ്ലെയിൻ സർവീസ് നടത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ സിയാൽ അധികൃതർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കൊച്ചി-ലക്ഷദ്വീപ് സെക്ടറിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ച ശേഷമായിരിക്കും കേരളത്തിനകത്തുള്ള മറ്റ് സർവീസുകൾക്ക് തുടക്കമിടുക. പരിമിതമായ യാത്രക്കാർക്ക് (9 മുതൽ 30 വരെ യാത്രക്കാർ) ഒരേസമയം യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് സാധാരണയായി സീപ്ലെയിന്‍ സർവീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപ് റൂട്ടില്‍ സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ചും വരും ദിവസങ്ങളില്‍ വ്യക്തത വരും.

യാത്രാക്കൂലി

നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കൂലി ഏകദേശം 12,000 രൂപയോളമായിരിക്കും. എന്നാൽ, ഈ സീപ്ലെയിൻ പദ്ധതിയെ കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) സ്കീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ യാത്രാക്കൂലി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 2,000 രൂപ മുതൽ 4,000 രൂപ വരെയുള്ള നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കാൻ ഓപ്പറേറ്റർമാർക്ക് സാധിക്കുമെന്നാണ് കരുതുന്നത്. യാത്രാക്കൂലി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ പുറത്തുവിടും.

പരീക്ഷണ സർവീസും കമ്പനിയും

'സ്കൈ ഹോപ്പ്' (Skyhop) എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് ഈ സർവീസിനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്നത്. സ്‌പൈസ്‌ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങിന്റെ മകൾ ആവണി സിംഗ് സ്ഥാപിച്ച സ്വതന്ത്ര ആഭ്യന്തര വ്യോമയാന കമ്പനിയാണ് സ്‌കൈഹോപ്പ് ഏവിയേഷൻ. അതേസമയം സ്‌പൈസ്‌ജെറ്റുമായി പ്രവർത്തന ബന്ധങ്ങളില്ലാത്ത പ്രത്യേക കോർപ്പറേറ്റ് സ്ഥാപനമാണ് സ്‌കൈഹോപ്പ്. ഇന്ത്യയിലെ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെറു വിമാനങ്ങളാണ് സ്‌കൈഹോപ്പ് പ്രവർത്തിപ്പിക്കുന്നത്. കരയിലും വെളളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ വിമാനങ്ങള്‍.

ലക്ഷദ്വീപ് പദ്ധതിക്കായുള്ള പ്രധാന അനുമതികളെല്ലാം ലഭിച്ചതായും പരീക്ഷണ സർവീസ് (Trial Run) ഉടന്‍ തന്നെ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുൻപ് 2024 നവംബർ 11 ന് കൊച്ചി ബോൾഗാട്ടി കായലിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് സീപ്ലെയിന്‍ വിജയകരമായി പരീക്ഷണ സർവീസ് നടത്തിയിരുന്നു.

വിനോദസഞ്ചാരത്തിന് പുറമെ ഭാവിയിൽ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ നിലവിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിഹാരമാകാൻ ഈ പുതിയ സീപ്ലെയിൻ പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ടൂറിസം മേഖല വലിയ വളർച്ചയാണ് ഇപ്പോൾ കൈവരിക്കുന്നത്. ചില ദ്വീപുകളില്‍ മദ്യ ലഭ്യത അനുവദിച്ചതും വിനോദ സഞ്ചാര മേഖലയില്‍ പ്രതിഫലിക്കുന്നുണ്ട്. അഗത്തി, കവരത്തി, കൽപേനി, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിലേക്കാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. വിനോദസഞ്ചാരികൾക്കായി ലക്ഷദ്വീപ് ഭരണകൂടം പെർമിറ്റ് നടപടികൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. ഇതിലൂടെ സന്ദർശകർക്ക് പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ എളുപ്പത്തിൽ യാത്രാനുമതി ലഭിക്കുന്നു. സ്കൂബ ഡൈവിംഗ്, കയാക്കിംഗ്, സ്നോർക്കലിംഗ്, വിൻഡ് സർഫിംഗ് തുടങ്ങിയ വിനോദങ്ങളും ദ്വീപിലെ ആകര്‍ഷണങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT