Image : Canva 
Industry

'ലൈസന്‍സ് രാജ്' തുടങ്ങുംമുമ്പേ ലാപ്‌ടോപ്പ് വാങ്ങാന്‍ തിരക്ക്‌

നവംബര്‍ ഒന്നുമുതലാണ് ഇറക്കുമതി നിയന്ത്രണം പ്രാബല്യത്തിലാവുക

Dhanam News Desk

രാജ്യത്ത് കഴിഞ്ഞയാഴ്ച ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയുടെ വില്‍പന ഒറ്റയടിക്ക് കുതിച്ചത് 25 ശതമാനത്തോളം. ഇന്ത്യയിലേക്കുള്ള ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതി നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊട്ടുമുമ്പത്തെ ആഴ്ചയെ അപേക്ഷിച്ചുള്ള ഈ വില്‍പന മുന്നേറ്റം.

നവംബര്‍ ഒന്നിനാണ് നിയന്ത്രണം പ്രാബല്യത്തിലാവുക. ശേഷം, ഇവയുടെ ലഭ്യത കുറഞ്ഞേക്കുമെന്ന ആശങ്കകളാണ് നിലവിലെ മികച്ച വില്‍പനയ്ക്ക് കാരണമെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കടകളിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലും മികച്ച വില്‍പനയുണ്ട്.

വേണം ലൈസന്‍സ്

നവംബര്‍ ഒന്നുമുതല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ലാപ്‌ടോപ്പ്, ടാബ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. അതേസമയം, ലൈസന്‍സ് വിതരണത്തില്‍ കാലതാമസം ഉണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേന്ദ്രനീക്കം പഴയ 'ലൈസന്‍സ് രാജ്' കാലഘട്ടത്തിലേക്ക് രാജ്യത്തെ വീണ്ടും നയിച്ചേക്കുമെന്നും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങാത്ത കമ്പനികള്‍ക്ക് തിരിച്ചടിയുണ്ടായേക്കാമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

നിയന്ത്രണം എന്തിന്?

നിലവില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകളില്‍ 30-35 ശതമാനം മാത്രമാണ് രാജ്യത്ത് തന്നെ അസംബിള്‍ ചെയ്യുന്നത്. 65-70 ശതമാനവും ഇറക്കുമതിയാണ്.

അതില്‍ തന്നെ 75 ശതമാനവും ചൈനയില്‍ നിന്നാണ്. 2022-23ല്‍ ഇന്ത്യ 533 കോടി ഡോളറിന്റെ (ഏകദേശം 43,700 കോടി രൂപ) ലാപ്‌ടോപ്പുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 32,800 കോടിയുടെ ഇറക്കുമതിയും ചൈനയില്‍ നിന്നായിരുന്നു.

ചൈനീസ് കുത്തക അവസാനിപ്പിക്കുക, ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശ കമ്പനികള്‍ക്ക് ലഭിക്കുന്നത് രാജ്യസുരക്ഷ മുന്‍നിറുത്തി തടയുക, ഇന്ത്യയില്‍ നിക്ഷേപവും നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT