വിദേശനാണ്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ച പുതിയ പക്കേജിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ വിദേശനാണ്യ നോണ്‍-റെസിഡന്റ് (FCNR-B/ Foreign Currency Non-Resident (Bank)- FCNR(B)) നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), യെസ് ബാങ്ക് (Yes Bank), എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് (AU SFB) എന്നിവയാണ് പ്രവാസി നിക്ഷേപകര്‍ക്കായി പലിശ നിരക്കുകളില്‍ ആകര്‍ഷകമായ വര്‍ധന വരുത്തിയത്. കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടക്കമുള്ള ബാങ്കുകളും വരും ദിവസങ്ങളില്‍ എഫ്‌സിഎന്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ചേക്കും. ഇരു ബാങ്കുകളെയും ധനം ഓണ്‍ലൈന്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.
ഡോളര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രൂപയുടെ മൂല്യസ്ഥിരത ഉറപ്പാക്കുന്നതിനുമായി ജൂണ്‍ 5-ന് ആര്‍ബിഐ പ്രഖ്യാപിച്ച പ്രത്യേക ഇളവുകളാണ് ബാങ്കുകളുടെ ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നില്‍. പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം 3 മുതല്‍ 5 വര്‍ഷം വരെയുള്ള എഫ്‌സിഎന്‍ആര്‍ ബി ഡിപ്പോസിറ്റുകളുടെ ഹെഡ്ജിംഗ് ചെലവ് (Hedging Cost) പൂര്‍ണമായും ആര്‍ബിഐ തന്നെ വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 സെപ്റ്റംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1 മുതല്‍ 2 വര്‍ഷം വരെയുള്ള സ്‌കീമുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന എഫ്.സി.എന്‍.ആര്‍(ബി) പലിശ നിരക്കായ 4.4% നല്‍കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് 2026 ജൂണ്‍ 1-മുതലാണ് എഫ്.സി.എന്‍.ആര്‍(ബി) (FCNR(B)) പലിശ നിരക്കുകള്‍ പുതുക്കിയത്. ഒന്നു മുതല്‍ 2 വര്‍ഷം വരെയുള്ള സ്‌കീമുകള്‍ക്കാണ് ബാങ്ക് ഏറ്റവും ഉയര്‍ന്ന എഫ്.സി.എന്‍.ആര്‍(ബി) നിരക്കുകള്‍ (4.99%) വാഗ്ദാനം ചെയ്യുന്നത്.
ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank) ഏറ്റവും ഉയര്‍ന്ന എഫ്.സി.എന്‍.ആര്‍(ബി) പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് 12 മുതല്‍ 24 മാസം വരെയുള്ള കാലാവധികള്‍ക്കാണ്.
ശക്തമായ എന്‍ആര്‍ഐ അടിത്തറയുള്ള എച്ച്ഡിഎഫ്സി ബാങ്കും വിദേശനാണ്യ നിക്ഷേപ നിരക്കുകളില്‍ കാര്യമായ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധികള്‍ക്ക് 6 ശതമാനമാണ്.
യുഎസ് ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 6.10 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കാണ് യെസ് ബാങ്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 3 മുതല്‍ 5 വര്‍ഷം വരെയുള്ള എഫ്.സി.എന്‍.ആര്‍(ബി)) സ്‌കീമുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 6% വാഗ്ദാനം ചെയ്യുന്നു. ബുധനാഴ്ചയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ പുതുക്കിയത്.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 3 വര്‍ഷം മുതല്‍ 4 വര്‍ഷം വരെയുള്ള കാലാവധിയില്‍ 7.10 ശതമാനം എന്ന മികച്ച പലിശ നിരക്ക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്‍ബിഐയുടെ പിന്തുണയോടെ ബാങ്കുകള്‍ നിരക്കുകള്‍ പുതുക്കിയതോടെ എന്‍ആര്‍ഐ (NRI) നിക്ഷേപകര്‍ക്ക് വിദേശ വരുമാനം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാതെ തന്നെ ഉയര്‍ന്ന പലിശ നിരക്കില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. കറന്‍സി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ബാധിക്കില്ലെന്നതാണ് എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകളുടെ പ്രധാന സവിശേഷത.
പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ യു.എസ് ഡോളര്‍ (USD), ബ്രിട്ടീഷ് പൗണ്ട് (GBP), യൂറോ (EUR), ഓസ്ട്രേലിയന്‍ ഡോളര്‍ (AUD), കനേഡിയന്‍ ഡോളര്‍ (CAD), ജാപ്പനീസ് യെന്‍ (JPY) തുടങ്ങിയ വിദേശ കറന്‍സികളില്‍ എഫ്.സി.എന്‍.ആര്‍(ബി) അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്.
ആര്‍ബിഐയുടെ ഈ ഡോളര്‍ സമാഹരണ തന്ത്രം ബാങ്കുകള്‍ക്ക് വലിയ തോതില്‍ വിദേശ മൂലധനം ആകര്‍ഷിക്കാന്‍ സഹായകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ (Jefferies) റിപ്പോര്‍ട്ട് അനുസരിച്ച്, വിപുലമായ എന്‍ആര്‍ഐ നെറ്റ്‌വര്‍ക്കുള്ള എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്കായിരിക്കും ഈ പുതിയ ഇളവുകള്‍ വഴി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുക. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്കും മികച്ച തോതില്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളുണ്ട്.
മുമ്പ് 2013-ല്‍ സമാനമായ രീതിയില്‍ ആര്‍ബിഐ എഫ്‌സിഎന്‍ആര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ രാജ്യത്തേക്ക് 34 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഒഴുകിയെത്തിയത്. അന്ന് എച്ച്ഡിഎഫ്സി ബാങ്ക് മാത്രം 3.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് മുന്നിലെത്തിയിരുന്നു. നിലവിലെ ആര്‍ബിഐ പ്രഖ്യാപനവും ബാങ്കുകളുടെ നിരക്ക് വര്‍ധനവും പ്രവാസി മലയാളി നിക്ഷേപകര്‍ക്ക് സുരക്ഷിതമായി മികച്ച ലാഭം കൊയ്യാന്‍ പറ്റിയ മികച്ച അവസരമാണ് ഒരുക്കുന്നത്.
HDFC Bank, Yes Bank, and AU Small Finance Bank raise FCNR-B interest rates up to 7.10% to attract dollar deposits, offering a lucrative window for NRI investors.
Read DhanamOnline in English
Subscribe to Dhanam Magazine