നവാജ്ബായ് രത്തൻ ടാറ്റ ട്രസ്റ്റിൽ (NR Tata Trust) നിന്ന് പരേതനായ നേവൽ എച്ച്. ടാറ്റയ്ക്ക് ടാറ്റ സൺസ് ഓഹരികൾ കൈമാറിയതിൽ ക്രമക്കേട് ആരോപിച്ച് നിയമനടപടി. 1989 ൽ നടന്ന ഈ ഇടപാടിനെതിരെ സർ രത്തൻ ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റികൾക്കും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ലീഗൽ നോട്ടീസ് അയച്ചു. സുനിൽ തുളസീറാം പാട്ടീൽഖേഡെ എന്ന വ്യക്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എൻആർ ടാറ്റ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 833 ഓഹരികൾ നേവൽ എച്ച്. ടാറ്റയ്ക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലയിൽ കൈമാറിയതാണ് വിവാദമായത്. ഈ കൈമാറ്റത്തിന് ട്രസ്റ്റികളുടെ അനുമതിയോ കൃത്യമായ കൈമാറ്റ രേഖകളോ (Form 7B) ഉണ്ടായിരുന്നില്ലെന്നും, ഓഹരി രജിസ്റ്ററിൽ ഇതിന് പ്രതിഫലമായി ഒന്നും നൽകിയിട്ടില്ല (Nil consideration) എന്നുമാണ് പ്രധാന ആരോപണം.
എൻആർ ടാറ്റ ട്രസ്റ്റിലേക്ക് സർ രത്തൻ ടാറ്റ ട്രസ്റ്റ് 625 ഓഹരികൾ സംഭാവനയായി നൽകിയിരുന്നു. പിന്നീട് ബോണസ് ഓഹരികൾ ഉൾപ്പെടെ ഇത് 833 ആയി ഉയർന്നു. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പൊതു ചാരിറ്റബിൾ ട്രസ്റ്റായി രത്തൻ ടാറ്റ 1974 ഡിസംബറിലാണ് എൻആർ ടാറ്റ ട്രസ്റ്റ് സ്ഥാപിച്ചത്.
1989 ജനുവരി 11 ന് നേവൽ ടാറ്റ ട്രസ്റ്റി സ്ഥാനമൊഴിഞ്ഞതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ഓഹരികൾ അദ്ദേഹത്തിന് കൈമാറിയത്. ഇത് വിശ്വാസവഞ്ചനയാണെന്നും ടാറ്റ സൺസിന്റെ ചട്ടങ്ങൾക്കും കമ്പനി നിയമങ്ങൾക്കും വിരുദ്ധമാണെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. നോയൽ ടാറ്റ, വേണു ശ്രീനിവാസൻ, വിജയ് സിംഗ് തുടങ്ങി നിരവധി പ്രമുഖർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ട്രസ്റ്റിനുണ്ടായ നഷ്ടം 15 ദിവസത്തിനകം നികത്തിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസില്‍ പറയുന്നു. മെയ് 8 ന് നടക്കേണ്ടിയിരുന്ന ടാറ്റ ട്രസ്റ്റ് യോഗങ്ങൾ തടയാൻ ഇതേ പരാതിക്കാരൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അതിന് വിസമ്മതിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine