പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസും അതിന്റെ വായ്പാദാതാക്കളും തമ്മിലുള്ള ദീർഘകാലമായുള്ള നിയമയുദ്ധം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. അമേരിക്ക ആസ്ഥാനമായുള്ള വായ്പാദാതാക്കളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റ് (Glas Trust), ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെയുള്ള എല്ലാ നിയമനടപടികളും പിൻവലിക്കാൻ പുതിയ വ്യവസ്ഥ മുന്നോട്ടുവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈജൂസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ആകാശ് എഡ്യൂക്കേഷണൽ സർവീസസിൽ (Aakash Educational Services) ഏകദേശം 30 ശതമാനം ഓഹരിയാണ് വായ്പാദാതാക്കൾ ആവശ്യപ്പെടുന്നത്.
2021-ൽ ഏകദേശം ഒരു ബില്യൺ ഡോളർ ചെലവാക്കിയാണ് ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്. എന്നാൽ പിന്നീട് ബൈജൂസിന്റെ ഓഹരി പങ്കാളിത്തം കുറയുകയും നിലവിൽ മണിപ്പാൽ ഹെൽത്ത് ആകാശിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാവുകയും ചെയ്തു. പുതിയ ഒത്തുതീർപ്പ് ചർച്ചകളിൽ ആകാശിന്റെ മൂല്യം ഏകദേശം 2 ബില്യൺ ഡോളറായാണ് കണക്കാക്കുന്നത്. ഇന്ത്യ, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിലെ കോടതികളിൽ നിലനിൽക്കുന്ന സങ്കീർണമായ കേസുകൾ ഒരേസമയം പിൻവലിക്കാനാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്.
21-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ടായിരുന്ന ബൈജൂസ്, കോവിഡ് കാലത്താണ് വലിയ വളർച്ച കൈവരിച്ചത്. എന്നാൽ 2023-ന്റെ തുടക്കത്തിൽ അമേരിക്കൻ വായ്പാദാതാക്കളുമായി ആരംഭിച്ച തർക്കം കമ്പനിയെ തകർച്ചയിലേക്ക് നയിച്ചു. 100 കോടി ഡോളറിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് ഗ്ലാസ് ട്രസ്റ്റ് ബൈജു രവീന്ദ്രനെതിരെ മാനേജ്‌മെന്റ് വീഴ്ചകൾ ആരോപിച്ച് രംഗത്തെത്തിയത്. 2024-ൽ ബൈജൂസ് ഇന്ത്യയിൽ പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും കമ്പനിയുടെ മൂല്യം പൂജ്യമാണെന്ന് ബൈജു രവീന്ദ്രൻ അറിയിക്കുകയും ചെയ്തു.
നിലവിൽ 300-ലധികം കേന്ദ്രങ്ങളും 5,000-ത്തോളം അധ്യാപകരുമുള്ള ആകാശ്, 254 മില്യൺ ഡോളർ വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ലാഭകരമായ സ്ഥാപനമാണ്. ഈ ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ചാൽ, വർഷങ്ങളായി നീളുന്ന നിയമതടസങ്ങൾ നീങ്ങുന്നത് ബൈജൂസിന് വലിയൊരു ആശ്വാസമാകും.
Read DhanamOnline in English
Subscribe to Dhanam Magazine