image:@lenovo/twitter 
Industry

കാന്തല്ലൂരില്‍ ചെറുധാന്യ കൃഷിക്കായി ലെനോവോയുടെ ഒരു കൈത്താങ്ങ്

കാന്തല്ലൂര്‍ ഐ.എച്ച്.ആർ.ഡി കോളേജില്‍ 'ലെനോവോ ഡിജിറ്റല്‍ സെന്റര്‍ ഫോര്‍ കാന്തല്ലൂര്‍ മില്ലറ്റ്‌സ്' സ്ഥാപിക്കും

Dhanam News Desk

കാന്തല്ലൂരില്‍ ചെറുധാന്യങ്ങളുടെ കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ലെനോവോയുടെ 'വര്‍ക്ക് ഫോര്‍ ഹ്യൂമന്‍കൈന്‍ഡിന്റെ' (Work for Humankind) ഇന്ത്യന്‍ പതിപ്പ് കമ്പനി പ്രഖ്യാപിച്ചു. ഡ്രീം ഇന്ത്യ നെറ്റ്‌വർക്കിന്റെയും പ്രാദേശിക വിദ്യാര്‍ത്ഥികളുടെയും  പങ്കാളിത്തത്തോടെ ഇത് നടപ്പിലാക്കുമെന്ന് സാങ്കേതിക ഉപകരണ നിര്‍മ്മാതാക്കളായ ലെനോവോ അറിയിച്ചു.

വിദൂരസ്ഥലത്ത് നിന്ന് ലെനോവോയുടെ മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാല മാറ്റങ്ങളുണ്ടാക്കാനുള്ള കമ്പനിയുടെ ആഗോള സംരംഭമാണ് 'വര്‍ക്ക് ഫോര്‍ ഹ്യൂമന്‍കൈന്‍ഡ്'.

സൂപ്പര്‍ഫുഡ് തിരിച്ചുവരുന്നു

കാന്തല്ലൂര്‍ മേഖലയില്‍ 18 ല്‍ അധികം ഇനം ചെറുധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അത് വെറും രണ്ട് ഇനത്തിലേക്ക് ചുരുങ്ങി. കാലാവസ്ഥാ വ്യതിയാനവും വിപണിയുടെ ലഭ്യതക്കുറവും മൂലം ഈ ഗ്രാമത്തിലെ കര്‍ഷകര്‍ പരമ്പരാഗത ചെറുധാന്യ കൃഷി ഉപേക്ഷിച്ചു. സ്വന്തം ഉപയോഗത്തിന് മാത്രമാണ് ഇന്ന് അവയില്‍ ചിലത് ഉത്പാദിപ്പിക്കുന്നത്. 2023 ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു. കാന്തല്ലൂരിലെ 'സൂപ്പര്‍ഫുഡായ' ചെറുധാന്യങ്ങള്‍ തിരിച്ചുവരുന്നമെന്ന് ലെനോവോ ട്വീറ്റ് ചെയ്തു.

ആദ്യ കേന്ദ്രം

കാന്തല്ലൂര്‍ ഐ.എച്ച്.ആർ.ഡി കോളേജില്‍ ഇതിന്റെ ആദ്യ കേന്ദ്രമായ 'ലെനോവോ ഡിജിറ്റല്‍ സെന്റര്‍ ഫോര്‍ കാന്തല്ലൂര്‍ മില്ലറ്റ്‌സ്' കമ്പനി സ്ഥാപിക്കും. ലെനോവോയുടെ ഉപകരണങ്ങള്‍, സേവനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയുടെ നിര ഈ കേന്ദ്രത്തിലുണ്ടാകും. കര്‍ഷകര്‍ക്ക് ചെറുധാന്യങ്ങളുടെ കൃഷിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും മികച്ച രീതികളും ഇവിടെ ലഭ്യമാക്കും.

ചെറുധാന്യ കൃഷി രീതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ലഭ്യത മെച്ചപ്പെടുത്തുന്നതിനും ഈ കൃഷിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ലെനോവോയുടെ സാങ്കേതികവിദ്യ മികച്ച പങ്കു വഹിക്കുമെന്ന് കമ്പനി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT