canva
Industry

മണിപ്പാല്‍ സിഗ്ന മാത്രമല്ല, ആരോഗ്യ ഇന്‍ഷുറന്‍സ് കച്ചവടത്തിന് ഇറങ്ങുന്ന എല്‍.ഐ.സി ഈ കമ്പനികളുമായും ചര്‍ച്ചയില്‍, പ്രഖ്യാപനം ഈ മാസമുണ്ടായേക്കും

നിലവിലുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കാനാണ് നീക്കം

Dhanam News Desk

ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) രഞ്ജന്‍പൈയുടെ മണിപ്പാല്‍ സിഗ്നയെ കൂടാതെ രണ്ട് കമ്പനികളെ കൂടി ഏറ്റെടുക്കലിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയും നിവ ബുപയുമാണ് പട്ടികയിലുള്ളതെന്ന് സി.എന്‍.ബി.സി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ 30-45 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് ഈ രംഗത്തേക്ക് കടക്കാനാണ് എല്‍.ഐ.സി ഉദ്ദേശിക്കുന്നത്. അതിനായാണ് ഈ കമ്പനികളെ പരിഗണിക്കുന്നത്. എന്നാല്‍ ഏറ്റെടുക്കലിന് കൂടുതല്‍ സാധ്യതകല്‍പ്പിക്കുന്നത് മണിപ്പാല്‍ സിഗ്നയ്ക്ക് തന്നെയാണ്. ഈ കമ്പനികളൊന്നും ഏറ്റെടുക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല.

അതേസമയം, മണപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 40-49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള കരാര്‍ അവസാനഘട്ടത്തിലാണെന്നാണ് മാര്‍ച്ച് 27ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെയും യു.എസ് ആസ്ഥാനമായ സിഗ്ന കോര്‍പ്പറേഷന്റെയും സംയുക്തസംരംഭമാണ് സിഗ്ന കോര്‍പ്പറേഷന്‍.

മാര്‍ച്ച് 31ന് മുന്‍പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനത്തിലെത്തിച്ചേരാനാകുമെന്ന് എല്‍.ഐ.സി സി.ഇ.ഒ സിദ്ദാര്‍ത്ഥ് മൊഹന്തിം ഈ മാസം ആദ്യം പ്രതീക്ഷപ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും അനുയോജ്യമായ ഇന്‍ഷുറന്‍സ് കമ്പനിയെ കണ്ടെത്താനുള്ള പ്രക്രിയകള്‍ നടക്കുന്നതായും സൂചിപ്പിച്ച അദ്ദേഹം വാല്വേഷനും മറ്റ് അനുമതികള്‍ക്കും കാലതാമസമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT