Industry

ഓഹരി വിപണിയിലെ ഇടിവ്: ബ്ലൂചിപ്പുകളില്‍ കൈപൊള്ളി എല്‍.ഐ.സി, ജൂലൈയിലെ നഷ്ടം ₹66,000 കോടി

ജൂലൈ പാദത്തില്‍ 94 ഓഹരികളിലാണ് എല്‍.ഐ.സി നിക്ഷേപം ഉയര്‍ത്തിയത്

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (Life Insurance Corporation of India /LIC) ജൂലൈയില്‍ രാജ്യത്തെ ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപം നല്‍കിയത് 66,000 കോടി രൂപയുടെ നഷ്ടം. വിപണിയിലെ വമ്പന്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികള്‍ വലിയ വീഴ്ചയിലായതാണ് എല്‍.ഐ.സിക്കും തിരിച്ചടിയായത്.

ജൂണ്‍ 2025 വരെയുള്ള കണക്കനുസരിച്ച് 15.94 ലക്ഷം കോടിയായിരുന്നു എല്‍.ഐ.സിയുടെ വിവിധ ഓഹരികളിലെ നിക്ഷേപമൂല്യം. ജൂലൈയില്‍ ഇത് 15.28 ലക്ഷം കോടി രൂപയായി കുറഞ്ഞു. വളരെ പ്രഗത്ഭരായ നിക്ഷേപകര്‍ക്ക് പോലും വിപണി ചാഞ്ചാട്ടങ്ങളില്‍ ചുവട് മാറ്റിപ്പിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് എല്‍.ഐ.സിയ്ക്കുണ്ടായ നഷ്ടം സൂചിപ്പിക്കുന്നത്. ജൂണിലെ ഷെയര്‍ ഹോള്‍ഡിംഗ്‌ പ്രകാരമാണ് ഈ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ 66,000 കോടി രൂപയെന്നത് വലിയൊരു സംഖ്യയായി തോന്നുമെങ്കിലും എല്‍.ഐ.സിയുടെ മൊത്തം നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര വലിയ സംഖ്യയല്ല. 2025 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (Asset Under Management) 54.52 ലക്ഷം കോടി രൂപയാണ്. അതായത് ഇതിന്റെ വെറും 1.2 ശതമാനം മാത്രമാണ് 66,000കോടി രൂപ. ഓഹരി വിപണിയിലെ നഷ്ടം താത്കാലികം മാത്രമാണ്, വിപണി തിരിച്ചുകയറുമ്പോള്‍ നേട്ടവും ഉയരും.

വമ്പന്‍ ഓഹരികളുടെ സാന്നിധ്യം

വമ്പന്‍ ഓഹരികളുടെ സാന്നിധ്യമാണ് എല്‍.ഐ.സിയുടെ പോര്‍ട്ട്‌ഫോളിയോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ജൂലൈയില്‍ വെറും 10 കമ്പനികളിലെ മാത്രം നിക്ഷേപത്തിലുണ്ടായത് 38,000 കോടിയുടെ നഷ്ടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് എല്‍.ഐ.സിക്ക് വന്‍ തിരിച്ചടി നല്‍കിയത്. റിലയന്‍സ് ഓഹരി വില 7.35 ശതമാനം ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തില്‍ നിന്ന് ഒഴുകിപോയത് 10,146 കോടി രൂപ.

തകര്‍ച്ചയ്ക്ക് കൊടി പിടിച്ച് ഐ.ടിയും ബാങ്കിംഗും

ഐ.ടി സെക്ടറും വലിയ പ്രഹരമാണ് എല്‍.ഐ.സിക്ക് നല്‍കിയത്‌. ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഹരിയിലെ 1.24 ശതമാനം ഇടിവ് എല്‍.ഐ.സിയില്‍ നിന്നു ചോര്‍ത്തിയത് 7,457 കോടി രൂപ. എച്ച്.സി.എല്‍ ടെകും ഇന്‍ഫോസിസും യഥാക്രമം 3,751 കോടി രൂപ, 3,744 കോടി രൂപ എന്നിങ്ങനെ നഷ്ടമുണ്ടാക്കി. ടെക് മഹീന്ദ്രയിലെ നിക്ഷേപം നഷ്ടമാക്കിയത് 2,253 കോടി രൂപയാണ്.

ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഒട്ടും പിന്നിലല്ല. ഐ.ഡി.ബി.ഐ ബാങ്കില്‍ 49.24 ശതമാനം ഓഹരികളാണ് എല്‍.ഐസിക്കുള്ളത്. ഈ ഓഹരിയിലെ വിലയിടിവുമൂലമുണ്ടായത് 5,707 കോടി രൂപയുടെ നഷ്ടം. സ്വകാര്യബാങ്കുകളായ ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളിലെ നിക്ഷേപം 3,200 കോടി രൂപ, 2,531 കോടി രൂപ എന്നിങ്ങനെയും നഷ്ടമുണ്ടാക്കി.

വമ്പന്‍മാര്‍ മാത്രമല്ല ചെറിയ കമ്പനികളും എല്‍.ഐ.സിക്ക് വലിയ നഷ്ടമുണ്ടാക്കി. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (IEX) ആണ് ഇതില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. 30 ശതമാനത്തോളം ഇടിവാണുണ്ടാക്കിയത്. റിലയന്‍സ് പവര്‍ 24.72 ശതമാനം ഇടിവും രേഖപ്പെടുത്തി.

ഭാരത് ഡൈനാമിക്‌സ്, (-16.37%), എസ്.ബി.ഐ കാര്‍ഡ്‌സ് (-15.01%), മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് (-14.51%) എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നാണ് ഇക്കുറി എല്‍.ഐ.സി തിരിച്ചടി നേരിട്ടത്.

നേട്ടം നല്‍കി ഇവര്‍

വിപണിയുടെ വന്യമായ ഇടിവിലും എല്‍.ഐ.സിക്ക് നേട്ടം സമ്മാനിച്ച ചില ഓഹരികളുമുണ്ട്. ഐ.സി.ഐ.ഐ ബാങ്ക് ആണ് ഇതില്‍ മുന്നില്‍. 1,324 കോടി രൂപയുടെ നേട്ടം നല്‍കിയത്. പതഞ്ജലി ഫുഡ്‌സിലെ നിക്ഷേപം 768 കോടി രൂപയുടെ നേട്ടം നല്‍കി. പതഞ്ജലി ഓഹരികള്‍ 14 ശതമാനം വളര്‍ച്ച കാഴ്ചവച്ചതിനെ തുടര്‍ന്നാണിത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി 615 കോടി രൂപയുടെ നേട്ടം നല്‍കിയപ്പോള്‍ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ 422 കോടിയും മാരുതി സുസുക്കി 365 കോടിയും അംബുജ സിമന്റ്‌സ് ഓഹരി 250 കോടി രൂപയും നേട്ടം നല്‍കി.

ജൂലൈ പാദത്തില്‍ 94 ഓഹരികളിലാണ് എല്‍.ഐ.സി നിക്ഷേപം ഉയര്‍ത്തിയത്. 72 ഓഹരികളില്‍ നിക്ഷേപം കുറച്ചിട്ടുമുണ്ട്. ഇതോടെ മൊത്തം 25,000 കോടിയുടെ നിക്ഷേപവും നടത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT