Industry

ആരോഗ്യ ഇന്‍ഷുറന്‍സിലും പിടിമുറുക്കാന്‍ എല്‍.ഐ.സി, വരവ് ഈ കമ്പനിയുടെ 40-49% ഓഹരി ഏറ്റെടുത്തുകൊണ്ട്‌

3,500 കോടി രൂപയാണ് ഇടപാട് മൂല്യം കണക്കാക്കുന്നത്‌

Dhanam News Desk

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തും പിടിമുറുക്കാനൊരുങ്ങുന്നു. മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനായ രഞ്ജന്‍ പൈയുടെ ഉടമസ്ഥതയിലുള്ള മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്കുള്ള എല്‍.ഐ.സിയുടെ കടന്നുവരവിനാണ് ഇത് വഴിയൊരുക്കുക. മൂന്ന് ലക്ഷം കോടി രൂപ മൂല്യം വരുന്ന ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയുടെ 37 ശതമാനവും കൈയാളുന്നത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയാണ്. അതുകൊണ്ട് തന്നെ ശക്തമായ വിപണന ശൃംഖലകളും കരുത്തുറ്റ ബാലന്‍സ് ഷീറ്റുമുള്ള എല്‍.ഐ.സിയുടെ കടന്നു വരവ് കടന്നുവരവ് നിര്‍ണായകമാവുന്നു.

3,500 കോടിയുടെ ഇടപാട് മൂല്യം

മണിപ്പാല്‍ സിഗ്നയുടെ 40-49 ശതമാനം ഓഹരികള്‍ 3,500-3,750 കോടി രൂപ മൂല്യം കണക്കാക്കിയാകും എല്‍.ഐ.സി ഏറ്റെടുക്കുക എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രഞ്ജന്‍ പൈയുടെ മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്, യു.എസിലെ സിഗ്ന കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കൊപ്പമാണ് എല്‍.ഐ.സി കൂടി ഓഹരി പങ്കാളിയായി മാറുന്നത്. നിലവില്‍ 51:49 എന്നിങ്ങനയാണ് സംയുക്ത സംരഭത്തിലെ ഇരു കമ്പനികളുടെയും ഓഹരി പങ്കാളിത്തം.

പുതു മൂലധനം ഇറക്കും

പുതിയ മൂലധന നിക്ഷേപം നടത്തിയാണ് എല്‍.ഐ.സി ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇതുവഴി നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി വിഹിതം കുറയും. കൂടാതെ ചെറിയൊരു ഭാഗം ഓഹരികള്‍ നിലവിലുള്ള ഓഹരിയുടമകള്‍ വിറ്റഴിക്കുകയും ചെയ്യും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വാങ്ങാന്‍ ഓഹരിയുടമകള്‍ നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

എല്‍.ഐ.സി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടക്കാനൊരുങ്ങുന്നതായും മാര്‍ച്ച് അവസാനത്തോടെ കരാര്‍ അന്തിമമാകുമെന്നും അടുത്തിടെ എല്‍.ഐ.സി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ സിദ്ധാര്‍ത്ഥ് മൊഹന്തിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മണിപ്പാലുമായുള്ള പങ്കാളിത്തെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും എല്‍.ഐ.സി കൂടി കടന്നു വരുന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗം കൂടുതല്‍ മത്സരാത്മകമാകുമെന്നാണ് വിലയിരുത്തലുകള്‍. 20 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖല രേഖപ്പെടുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT