Image : licindia.in and Canva 
Industry

ലോകത്തെ ഏറ്റവും ശക്തമായ ഇന്‍ഷുറന്‍സ് ബ്രാന്‍ഡ്; നേട്ടം കൈവിടാതെ എല്‍.ഐ.സി

ബ്രാന്‍ഡ് ഫിനാന്‍സ് ഇന്‍ഷുറന്‍സ് 2024 പട്ടികയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്

Dhanam News Desk

ലോകത്തിലെ ഏറ്റവും ശക്തമായ ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് സ്ഥാനം നിലനിറുത്തി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി). ബ്രാന്‍ഡ് ഫിനാന്‍സ് ഇന്‍ഷുറന്‍സ് 2024 പട്ടികയിലാണ് എല്‍.ഐ.സി ഈ നേട്ടം സ്വന്തമാക്കിയത്. എല്‍.ഐസിയുടെ ബ്രാന്‍ഡ് മൂല്യം 0.04 ശതമാനം ഉയര്‍ന്ന് 9.8 ബില്യണ്‍ ഡോളറായി (ഏകദേശം 81,600 കോടി രൂപ). ബ്രാന്‍ഡ് സ്‌ട്രെങ്ത് റേറ്റിംഗ് ട്രിപ്പിള്‍ എ (AAA) ആയി നിലനിര്‍ത്തുകയും ചെയ്തു. 88.3 ആണ് കമ്പനിയുടെ സ്‌കോര്‍.

തായ്‌വാനിലെ കാത്തെ ലൈഫ് ഇന്‍ഷുറന്‍സാണ് രണ്ടാമത്. ഒമ്പത് ശതമാനം വര്‍ധനയോടെ 4.9 ബില്യണ്‍ ഡോളറാണ് (40,800 കോടി രൂപ) കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം. മൂന്നാമത് ഓസ്‌ട്രേലിയയുടെ എന്‍.ആര്‍.എം.എ ഇന്‍ഷുറന്‍സാണ്. 1.3 ബില്യണ്‍ ഡോളര്‍ (10,800 കോടി രൂപ) ആണ് മൂല്യം. 87 ആണ് കമ്പനിയുടെ സ്‌കോര്‍. ഇന്ത്യന്‍ കമ്പനിയായ എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് 85.9 സ്‌കോറുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്.

അതേസമയം, ബ്രാന്‍ഡ് മൂല്യത്തില്‍ ആഗോള റാങ്കിംഗില്‍ മുന്നില്‍ ചൈനീസ് കമ്പനികളാണ്. പട്ടികയിലെ ആദ്യ അഞ്ചില്‍ മൂന്നും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി.

പ്രീമിയം കളക്ഷൻ  

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 39,090 കോടി രൂപയുടെ ആദ്യ പ്രീമിയം കളക്ഷനുമായി എല്‍.ഐസി മുന്നിലെത്തി. എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സും എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സും യഥാക്രമം 15,197 കോടി രൂപയും 10,970 കോടി രൂപയുമായി പിന്നിലുണ്ട്.

അടുത്തിടെ എല്‍.ഐ.സി ജീവനക്കാര്‍ക്ക് 17 ശതമാനം വേതന വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1.10 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

ഓഹരി ഉയർച്ചയിൽ 

എല്‍.ഐ.സി ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തോളം നേട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 70.92 ശതമാനം നേട്ടവും മൂന്നുമാസത്തിനിടെ 10.96 ശതമാനം നേട്ടവും എല്‍.ഐ.സി ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിപണിമൂല്യം ആറ് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. നിലവിലെ വിലയനുസരിച്ച് 5.81 ലക്ഷം കോടിയാണ്‌ എല്‍.ഐ.സിയുടെ വിപണി മൂല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT