പ്രതീകാത്മക ചിത്രം Image Source: Special Arrangement
Industry

ഫിൻടെക് ലോകത്ത് ചരിത്രനേട്ടവുമായി ഡിജിറ്റ്-9; ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനം

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ രാജ്യാന്തര പണമിടപാട് പ്ലാറ്റ്‌ഫോമിന് അംഗീകാരം

Dhanam News Desk

ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഫിൻടെക്-50 പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് എത്തി ഡിജിറ്റ്-9. രാജ്യാന്തര പണമിടപാടുകൾ ലളിതമാക്കുന്നതിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഈ പ്ലാറ്റ്‌ഫോം, ആഗോള പണമിടപാട് രംഗത്ത് പുതിയ സാധ്യതകൾ തുറന്നിടുന്നു.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ രാജ്യാന്തര പണമിടപാട്-സെറ്റിൽമെന്റ് പ്ലാറ്റ്‌ഫോമായ ഡിജിറ്റ്-9 (Digit9), ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഫിൻടെക്-50, 2026 പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് എത്തി. മിഡിൽ ഈസ്റ്റിലെ മുൻനിര ഫിൻടെക് കമ്പനികളുടെ ഈ വാർഷിക പട്ടികയിൽ ഡിജിറ്റ്-9 നേടിയ ശ്രദ്ധേയമായ അരങ്ങേറ്റമാണിത്. രാജ്യാന്തര പണമിടപാടുകൾ കൂടുതൽ വേഗത്തിലും ലളിതമായും സാധ്യമാക്കുന്നതിന് പരമ്പരാഗത ബാങ്കിംഗ് ശൃംഖലകളെയും നൂതന ഡിജിറ്റൽ സെറ്റിൽമെന്റ് സാങ്കേതികവിദ്യകളെയും കോർത്തിണക്കുന്നതിലെ പങ്കിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം.

പരമ്പരാഗത ബാങ്കിം​ഗും ഡിജിറ്റൽ സെറ്റിൽമെന്റും ഒരുമിച്ച്

ലോകമെമ്പാടുമുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കുക എന്നതാണ് ഡിജിറ്റ്-9-ന്റെ പ്രധാന ലക്ഷ്യം. പുതിയ പേയ്‌മെന്റ് റൂട്ടുകൾ, ബാങ്കിംഗ് പങ്കാളികൾ, സെറ്റിൽമെന്റ് സംവിധാനങ്ങൾ എന്നിവ കടന്നുവരുമ്പോൾ രാജ്യാന്തര പണമിടപാടുകൾ സങ്കീർണ്ണമാകാറുണ്ട്. ഈ വെല്ലുവിളികൾക്ക് ‘സിംഗിൾ എ.പി.ഐ’ (Single API) സംവിധാനത്തിലൂടെ പരിഹാരം നൽകുകയാണ് ഡിജിറ്റ്-9.

ബാങ്കുകൾ, റെമിറ്റൻസ് കമ്പനികൾ, ഫിൻടെക്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ എന്നിവയെ ആഗോള പേ-ഔട്ട് ശൃംഖലകളുമായും ഇന്റലിജന്റ് റൂട്ടിംഗ്, സംയോജിത ട്രഷറി-സെറ്റിൽമെന്റ് സേവനങ്ങളുമായും ഒറ്റ സംവിധാനത്തിലൂടെ ബന്ധിപ്പിക്കാൻ സാധിക്കും. റിയൽ-ടൈം കണക്റ്റിവിറ്റിയിലൂടെ ഇടപാടുകൾ ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് അതിവേഗം പണം കൈമാറ്റം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇടപാടുകൾക്ക് എടുക്കുന്ന സമയം കുറയ്ക്കുകയും പ്രവർത്തന മികവ് വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.

നാല് പ്രധാന സേവന മേഖലകൾ

  • ഡിജിറ്റ്-9 പ്രധാനമായും നാല് മേഖലകളിലാണ് സേവനങ്ങൾ കേന്ദ്രീകരിക്കുന്നത്:

  • ഗ്ലോബൽ പേഔട്ട് – 170-ലധികം രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിജിറ്റൽ വാലറ്റുകളിലേക്കും B2B, C2C പേയ്‌മെന്റുകൾ

  • റെമിറ്റൻസ്-ആസ്-എ-സർവീസ് (RaaS)യും എംബഡഡ് പേയ്‌മെന്റുകളും – 200-ലധികം ബാങ്കുകളുമായും പ്രമുഖ MTO-കളുമായും ബന്ധിപ്പിക്കൽ

  • ട്രഷറി-സെറ്റിൽമെന്റ് – മൾട്ടി-കറൻസി ലിക്വിഡിറ്റി മാനേജ്‌മെന്റും ഫിയറ്റ് സെറ്റിൽമെന്റും

  • സ്റ്റേബിൾകോയ്ൻ സെറ്റിൽമെന്റ് – നിയമാംഗീകൃത രാജ്യങ്ങളിൽ കോർപ്പറേറ്റ് പങ്കാളികൾക്കായി അംഗീകൃത സൗകര്യങ്ങൾ

ഇവയിലൂടെ നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക്, വാലറ്റ്, ക്യാഷ്, അംഗീകൃത ഡിജിറ്റൽ സെറ്റിൽമെന്റ് എന്നിവ വഴി ലോകമെമ്പാടും സേവനങ്ങൾ എത്തിക്കാൻ സാധ്യമാകുന്നു.

ശക്തമായ വളർച്ചയുടെ തെളിവ്

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഡിജിറ്റ്9-ന്റെ സേവനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. 2025-ൽ 140-തിലേറെ രാജ്യങ്ങളിലായി 20 ബില്യൺ യു.എസ്. ഡോളറിലധികം തുകയുടെ രാജ്യാന്തര പണമിടപാടുകളാണ് ഡിജിറ്റ്9 വഴി നടന്നത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് ഈ സേവനങ്ങൾ ഇതിനോടകം എത്തിയിട്ടുണ്ട്.

നേതൃത്വത്തിന്റെ അഭിപ്രായം

“ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഫിൻടെക് പട്ടികയിൽ ഡിജിറ്റ്9-ന് ലഭിച്ച ഈ അംഗീകാരത്തിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ഡിജിറ്റ്9 യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ടീമംഗങ്ങൾക്കും ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോ പങ്കാളികൾക്കും അവകാശപ്പെട്ടതാണ് ഈ നേട്ടം. കൂടുതൽ വേഗത്തിലും സുരക്ഷിതമായും രാജ്യാന്തര പണമിടപാടുകൾ നടത്താൻ ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയും ഡിജിറ്റ്9 സഹായിക്കുന്നു. ആഗോള പണമിടപാട് രംഗത്തെ ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് ഈ നേട്ടം കൂടുതൽ കരുത്തേകും,” ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.

ആഗോള പണമിടപാട് ശൃംഖലയിലേക്കുള്ള ചുവടുവയ്പ്പ്

പരമ്പരാഗത ബാങ്കിംഗ് ശൃംഖലകളും അംഗീകൃത ഡിജിറ്റൽ സെറ്റിൽമെന്റ് സാങ്കേതികവിദ്യകളും ഒത്തുചേരുന്ന ഇന്നത്തെ കാലത്ത്, ആഗോള പണമിടപാടുകൾക്കായി പരസ്പരം ബന്ധിപ്പിക്കപ്പെട്ട വിശാലമായൊരു ശൃംഖല ഒരുക്കുകയാണ് ഡിജിറ്റ്9. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ലുലു മണി സിംഗപ്പൂരിന് കീഴിലുള്ള പ്ലാറ്റ്‌ഫോമാണിത്. അന്താരാഷ്ട്ര വാണിജ്യ-വ്യാപാര രംഗത്തും ബിസിനസ് വളർച്ചയിലും പുതിയ സാധ്യതകൾ തുറന്നിടുന്ന ഈ ചുവടുവയ്പ്പ് ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ അംഗീകാരത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.digitnine.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT