തെലങ്കാനയില്‍ നിന്ന് പ്രതിവര്‍ഷം 1,000 കോടി രൂപയുടെ ജലവിഭവങ്ങള്‍ (Aqua Products) വാങ്ങാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. തെലങ്കാന ഐ.ടി., വ്യവസായ മന്ത്രി കെ.ടി. രാമറാവുവും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
നിലവില്‍ ഹൈദരാബാദില്‍ ലുലു ഷോപ്പിംഗ് മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോജിസ്റ്റിക്‌സ് ഹബ്ബ്, 3,500 കോടിയുടെ നിക്ഷേപം എന്നിവയ്ക്ക് പുറമേയാണ് ഇപ്പോള്‍ 1,000 കോടി രൂപയുടെ ജലവിഭവ വാര്‍ഷിക പര്‍ച്ചേസിംഗ് പദ്ധതിക്കും തീരുമാനമായത്.
തെലങ്കാനയിലെ സിര്‍സില ജില്ലയില്‍ നിന്നാണ് ജലവിഭവങ്ങള്‍ ലുലു വാങ്ങുക. 500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് തെലങ്കാന വ്യവസായ വകുപ്പ് ട്വിറ്ററില്‍ വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കിയെന്നും സംസ്ഥാനത്തെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പൂര്‍ണ സംപ്തൃതിയുള്ള പശ്ചാത്തലത്തിലാണ് കൂടുതല്‍ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തുന്നതെന്നും ട്വീറ്റിലുണ്ട്.
മലബാര്‍ ഗ്രൂപ്പ് 125 കോടി രൂപ നിക്ഷേപിക്കും
എം.പി. അഹമ്മദ് നയിക്കുന്ന മലബാര്‍ ഗ്രൂപ്പ് 125 കോടി രൂപയുടെ അധിക നിക്ഷേപം തെലങ്കാനയില്‍ നടത്തും. മലബാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ദുബൈയില്‍ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മലബാര്‍ ഗ്രൂപ്പിന് കീഴിലെ ഫര്‍ണിച്ചര്‍ വിഭാഗമായ എം-ഫിറ്റ് (M-FIT) ആണ് ഹൈദരാബാദിലെ ഫര്‍ണിച്ചര്‍ പാര്‍ക്കില്‍ 125 കോടി രൂപയുടെ നിക്ഷേപം നടത്തുക. 1,000 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും.
ആഭരണ നിര്‍മ്മാണരംഗത്തെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററും ഹൈദരാബാദില്‍ മലബാര്‍ ഗ്രൂപ്പ് ഒരുക്കും.
750 കോടി രൂപയുടെ നിക്ഷേപത്തോടെ ഹൈദരാബാദില്‍ ആഭരണ നിര്‍മ്മാണ പാര്‍ക്ക് പദ്ധതിക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് മലബാര്‍ ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ചത്. 2,500ഓളം പേര്‍ക്ക് തൊഴിലേകുന്നതാണ് മലബാര്‍ ഗ്രൂപ്പിന്റെ ആഭരണ നിര്‍മ്മാണ പാര്‍ക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine