Industry

ഇനി ഗള്‍ഫിലും 'അടിപൊളി'; പുതിയ പാനീയങ്ങളുമായി ലുലു ഗ്രൂപ്പ് യുഎഇ വിപണിയില്‍

പോളണ്ട് ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ സ്റ്റാര്‍ട്ടപ്പായ ഹെക്‌സഗണ്‍ സ്പിരിറ്റ്‌സ് ഇന്റര്‍നാഷണല്‍ ആണ് ഈ പാനീയങ്ങളുടെ നിര്‍മ്മാതാക്കള്‍

Dhanam News Desk

മലയാളികളുടെ പ്രിയപ്പെട്ട സംസാരശൈലികള്‍ ബ്രാന്‍ഡ് നാമങ്ങളാക്കി മാറ്റി റീറ്റെയ്ല്‍ ഭീമനായ ലുലു ഗ്രൂപ്പ്. 'അടിപൊളി' എന്ന എനര്‍ജി ഡ്രിങ്കും 'മലയാളി ഹബീബി' എന്ന നോണ്‍-ആല്‍ക്കഹോളിക് ബിവറേജുമാണ് ലുലു ഗ്രൂപ്പ് യുഎഇ വിപണിയില്‍ അവതരിപ്പിച്ചത്. ദുബായില്‍ നടന്ന 'ഗള്‍ഫുഡ് 2026' (Gulfood 2026) പ്രദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ഈ ശ്രദ്ധേയമായ ലോഞ്ച്.

പോളണ്ടില്‍ നിന്നും വിരുന്നെത്തുന്ന 'അടിപൊളി'

പോളണ്ട് ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ സ്റ്റാര്‍ട്ടപ്പായ ഹെക്‌സഗണ്‍ സ്പിരിറ്റ്‌സ് ഇന്റര്‍നാഷണല്‍ (Hexagon Spirits International) ആണ് ഈ പാനീയങ്ങളുടെ നിര്‍മ്മാതാക്കള്‍.

മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ട്രോപ്പിക്കല്‍ ഫ്‌ലേവറിലുള്ള എനര്‍ജി ഡ്രിങ്കാണ് അടിപൊളി.

മിഡില്‍ ഈസ്റ്റ് വിപണിക്കായി പ്രത്യേകം തയ്യാറാക്കിയ നോണ്‍-ആല്‍ക്കഹോളിക് പാനീയമാണ് മലയാളി ഹബീബി. യൂറോപ്യന്‍ ഹോപ്സും ഇന്ത്യന്‍ അരിപ്പൊടിയും (Rice flakes) ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്.

ആദ്യം 'മലയാളി' എന്ന പേരിൽ ആൽക്കഹോൾ രഹിത ബിയറാണ് പുറത്തിറക്കിയത്. പിന്നാലെയാണ് മിഡിൽ ഈസ്റ്റ് വിപണിക്കായി പ്രത്യേകം തയ്യാറാക്കിയ 'മലയാളി ഹബീബി' അവതരിപ്പിച്ചത്.

കള്‍ച്ചറല്‍ ബ്രാന്‍ഡിംഗിലൂടെ വിപണി പിടിക്കാന്‍ ലുലു

ഗള്‍ഫ് വിപണിയിലെ മലയാളികളുടെ സ്വാധീനവും ബ്രാന്‍ഡ് നാമങ്ങളോടുള്ള വൈകാരിക അടുപ്പവും കണക്കിലെടുത്താണ് ലുലു ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. വിദേശ രാജ്യങ്ങളില്‍ മലയാളി യുവത്വങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷകാലത്ത് ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ 'ഓപ്പറേഷന്‍ ഗംഗ'യുടെ സമയത്താണ് ഇത്തരമൊരു ബ്രാന്‍ഡിനെക്കുറിച്ചുള്ള ആശയം രൂപപ്പെട്ടതെന്ന് ഇതിന്റെ സ്ഥാപകരായ ചന്ദ്രമോഹന്‍ നല്ലൂരും സര്‍ഗീവ് സുകുമാരനും പറയുന്നു.

നിലവില്‍ യുഎഇയിലെ ലുലു ഔട്ട്ലെറ്റുകളില്‍ ലഭ്യമാകുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വൈകാതെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. നേരത്തെ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഈ പാനീയങ്ങള്‍ അവതരിപ്പിച്ചിരുന്നു.

യുകെ, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ വിപണികളില്‍ കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

Lulu Group Bets on 'Cultural Branding'; Launches 'Adipoli' and 'Malayali Habibi' Drinks in UAE

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT