വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിനുമായി കുവൈത്ത് സർക്കാർ പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ പ്രഥമ ‘ഗോൾഡൻ റെസിഡൻസി’ (Golden Iqama) ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക്. കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശിക്ക് 15 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കുന്നത്.
കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബയിൽ നിന്ന് എം.എ. യൂസഫലി ഔദ്യോഗികമായി ഗോൾഡൻ റെസിഡൻസി പെർമിറ്റ് ഏറ്റുവാങ്ങി. സുരക്ഷാ സഹായ സേവന വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൂമി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ കുവൈത്തിന്റെയും ആദ്യ ഗോൾഡൻ വിസ/റെസിഡൻസി നേടുന്ന വ്യക്തിയെന്ന അപൂർവ നേട്ടമാണ് ഇതോടെ എം.എ. യൂസഫലി സ്വന്തമാക്കിയത്.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ആഗോള നിക്ഷേപകരെയും മൂലധനത്തെയും ആകർഷിക്കാനുമുള്ള കുവൈത്ത് സർക്കാരിന്റെ തന്ത്രപ്രധാനമായ ചുവടുവെപ്പാണ് പുതിയ ഗോൾഡൻ റെസിഡൻസി സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 15-നാണ് കുവൈത്ത് ഈ ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി (KDIPA), പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) എന്നിവയുടെ ഏകോപനത്തോടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോൾഡൻ റെസിഡൻസി അനുവദിക്കുന്നത്.
യോഗ്യരായ വൻകിട വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റ് ഇതിലൂടെ ലഭിക്കും.
വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി നിക്ഷേപകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായുള്ള ഭരണപരവും നിയമപരവുമായ പരിഷ്‌കാരങ്ങൾ തുടരുമെന്നും ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബ വ്യക്തമാക്കി. ഗൾഫ് മേഖലയിലുടനീളം ലുലു ഗ്രൂപ്പ് നടത്തുന്ന വൻ നിക്ഷേപങ്ങളും കുവൈത്തിന്റെ റീട്ടെയിൽ-സാമ്പത്തിക മേഖലയ്ക്ക് നൽകുന്ന മികച്ച സംഭാവനകളും മുൻനിർത്തിയാണ് ലുലു ഗ്രൂപ്പ് മേധാവിയെ പ്രഥമ ഗോൾഡൻ റെസിഡൻസി നൽകി രാജ്യം ആദരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine