Industry

ഗള്‍ഫിലേക്കുളള ഭക്ഷ്യവിതരണം തടസമില്ലാതെ തുടരും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ജിസിസി രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമാക്കാൻ പിന്തുണ വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

Dhanam News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള (GCC) ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇന്ത്യയില്‍ നിന്ന് തുടരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, നിലവിലെ ആഗോള വെല്ലുവിളികൾക്കിടയിലും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മികച്ച ഇടപെടലുകള്‍

ജിസിസിയിലുടനീളം 280 ലധികം ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിപ്പിക്കുന്ന ലുലു ഗ്രൂപ്പ്, വിപണിയിലെ ആത്മവിശ്വാസം നിലനിർത്തുന്നതിനും പരിഭ്രാന്തി മൂലമുള്ള അമിത വാങ്ങലുകൾ ഒഴിവാക്കുന്നതിനുമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. ഇതുവരെ ഏകദേശം 15,000 ടൺ പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ജിസിസി വിപണികളിലേക്ക് ഇറക്കുമതി ചെയ്തു കഴിഞ്ഞു. ഇതിനായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ, കാർഗോ കപ്പലുകൾ, സാധാരണ ഷിപ്പിംഗ് സർവീസുകൾ എന്നിവയാണ് ലുലു ഗ്രൂപ്പ് ഉപയോഗിക്കുന്നത്.

ഇതുവരെ 34 ചാർട്ടേഡ് വിമാനങ്ങൾ ഇതിനായി സർവീസ് നടത്തിയിട്ടുണ്ട്, വരും ദിവസങ്ങളിലും സമാനമായ രീതിയിൽ വിതരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ സ്വന്തം സോഴ്‌സിംഗ്, എക്‌സ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങൾ വഴിയാണ് അന്താരാഷ്ട്ര ഡിമാൻഡ് നേരിടാൻ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധികൾ നേരിടുന്ന ഈ സമയത്ത് ഇന്ത്യൻ കർഷകർക്കും ഉൽപ്പാദകർക്കും കയറ്റുമതിക്കാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ ഈ നീക്കം വലിയ സഹായമാകാണ്.

വിതരണ ശൃംഖല ശക്തമായി തുടരും

ഗൾഫിലെ വലിയൊരു വിഭാഗം പ്രവാസികളും തദ്ദേശീയരും ഇന്ത്യൻ ഭക്ഷ്യോൽപ്പന്നങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വരും ആഴ്ചകളിലും കൂടുതൽ ചാർട്ടേഡ് വിമാനങ്ങളും കാർഗോ ഷിപ്പിംഗും വഴി ഈ വിതരണ ശൃംഖല ശക്തമായി തുടരുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ജിസിസി രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT