Image courtesy: maggi 
Industry

₹10ന്റെ മാഗി പായ്ക്ക് വീണ്ടും വരുന്നു; ലക്ഷ്യം ഗ്രാമീണ വിപണി

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവ്

Dhanam News Desk

നൂഡില്‍സ് പ്രേമികളുടെ പ്രിയ ബ്രാന്‍ഡായ മാഗിയുടെ 10 രൂപ പായ്ക്കറ്റ് തിരിച്ചുവരുന്നു. 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്. ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആകര്‍ഷകമായ വിലയുമായി വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് നെസ്‌ലെ ഇന്ത്യ ഈ 10 രൂപ പായ്ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. മുന്‍പും മാഗി 10 രൂപയ്ക്ക് 100 ഗ്രാം പായ്ക്കറ്റ് വിറ്റിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കണക്കിലെടുത്ത് 2014 ഡിസംബറില്‍ വില 12 രൂപയായും 2022 ഫെബ്രുവരിയില്‍ 14 രൂപയായും ഉയര്‍ത്തി. നിലവില്‍ മാഗി നൂഡില്‍സിന്റെ 40 ഗ്രാം പായ്ക്കറ്റാണ് 10 രൂപയില്‍ എത്തിയിരിക്കുന്നത്. കൂടെ മാഗി മസാല നൂഡില്‍സ് 7 രൂപ (32 ഗ്രാം), 14 രൂപ (70 ഗ്രാം) എന്നീ നിരക്കുകളിലും ലഭ്യമാണ്.

ലക്ഷ്യം ഉള്‍നാടന്‍ പ്രദേശങ്ങള്‍

കിറ്റ്കാറ്റ് ചോക്ലേറ്റുകളും എവരിഡേ മില്‍ക്ക് വൈറ്റ്‌നര്‍ സാഷെകളും ചെറിയ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും വിപണികളില്‍ വിറ്റഴിച്ചത് രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ നെസ്‌ലെയെ സഹായിച്ചിരുന്നു. മാഗിയുടെ ചെറിയ പായ്ക്കുകളുടെ വ്യാപനം വര്‍ധിപ്പിക്കുന്നത് ഇത്തരം പ്രദേശങ്ങളിലുള്ള നെസ്‌ലെയുടെ വില്‍പ്പന ഉയര്‍ത്തും. 2022ല്‍ കമ്പനി 55,000 ഗ്രാമങ്ങളും 1,800 വിതരണ പോയിന്റുകളും കൂട്ടിച്ചേര്‍ത്തുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

60 ശതമാനത്തിലധികം വിപണി വിഹിതം

പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്ന് ഉയര്‍ന്ന മത്സരമാണ് നേരിടുന്നതെന്ന് ജൂലൈയില്‍ നെസ്‌ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ ചൂണ്ടിക്കാട്ടി. ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കൂടിയാണ് പുതിയ 10 രൂപ പായ്ക്കറ്റുകള്‍ വിപണിയിലിറക്കിയത്. മാഗി നൂഡില്‍സ് ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളും രാജ്യത്ത് മികച്ച രീതിയില്‍ വില്‍പ്പന നടത്തുന്നുണ്ട്. 2022ലെ കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ ഇത് 32.2% സംഭാവന നല്‍കിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പാക്കേജുചെയ്ത മാഗി നൂഡില്‍സിന് രാജ്യത്ത് 60 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT