ഇന്ത്യന്‍ ആഘോഷങ്ങളില്‍ വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത മധുരപലഹാരങ്ങളുടെ എണ്ണം ഏറെയാണെങ്കിലും ഉത്സവ സീസണില്‍ ചോക്ലേറ്റ് ഡിമാന്‍ഡ് കുതിച്ചുയരാറുണ്ട്. ഇക്കുറിയും ആഭ്യന്തര ചോക്ലേറ്റ് കമ്പനികള്‍ പുത്തന്‍ ഉള്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റേയും പുതിയ പരസ്യ കാമ്പയ്നുകളുടേയും തിരക്കിലാണ്.
മാത്രമല്ല ആഗോള ചോക്ലേറ്റ് ബ്രാന്‍ഡുകളും പുതിയ ഉല്‍പ്പന്നങ്ങളിറക്കാന്‍ ഇന്ത്യന്‍ വിപണിയെ ഉറ്റുനോക്കുന്നു. അടുത്തിടെ യൂറോപ്യന്‍ ചോക്ലേറ്റ് ബ്രാന്‍ഡായ ഫെറെറോ 'കിന്‍ഡര്‍ ഷോക്കോ ബോണ്‍സ് ക്രിസ്പി' എന്ന പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
പരമ്പരാഗത പലഹാരങ്ങളേക്കാള്‍ പ്രിയം
മഹാനവമി, ദീപാവലി പോലുള്ള ഉത്സവങ്ങളില്‍ മുമ്പ് വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത മധുരപലഹാരങ്ങളായിരുന്നു സമ്മാനങ്ങളായി കൈമാറിയിരുന്നത്. എന്നാല്‍ കാലക്രമേണ വിവിധ കമ്പനികളുടെ ചോക്ലേറ്റുകള്‍ ഈ സ്ഥാനം കൈയ്യേറി. ഇന്ന് കാഡ്ബറീസ്, നെസ്ലെ, അമൂല്‍, ഫെറെറോ റോഷര്‍, ഹെര്‍ഷേയ്‌സ് തുടങ്ങി വിവിധ ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകളാണ് കൂടുതലും ഇത്തരം അവസരങ്ങളില്‍ ആളുകള്‍ തേടി പോകുന്നത്.
ആകര്‍ഷകമായ പാക്കേജിംഗ്, ഗുണനിലവാരത്തിലെ സ്ഥിരത, ഓണ്‍ലൈനില്‍ എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഇവയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. മാര്‍ക്കറ്റ് ഗവേഷകരായ ഐ.എം.എ.ആര്‍.സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ചോക്ലേറ്റ് വിപണി 2023ലെ 19,000 കോടി രൂപയില്‍ നിന്ന് 2028 ഓടെ 8.8% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 34,000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine