ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണമുള്ള പ്രധാന ട്രസ്റ്റുകളിലൊന്നായ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റില്‍ (SRTT) ഭരണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ നീക്കം. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് ഗ്രൂപ്പിന്റെ ഭാവി സുരക്ഷിതമാക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍.
ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റും (SRTT) സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റുമാണ് (SDTT). ഇതില്‍ 1918-ല്‍ സ്ഥാപിതമായ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത് ഒരു 'വില്‍' (ഉടമ്പടി) അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ മാറുന്ന നിയമസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതിനായി ഒരു ഔദ്യോഗിക 'ട്രസ്റ്റ് ഡീഡ്' (Trust Deed) തയ്യാറാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
2025 സെപ്റ്റംബറില്‍ നിലവില്‍ വന്ന മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ട്രസ്റ്റികളുടെ നിയമനം, കാലാവധി എന്നിവയില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. സ്ഥിര ട്രസ്റ്റികളുടെ എണ്ണം 25 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പുതിയ ഡീഡ് വരുന്നതോടെ ഈ നിയമങ്ങള്‍ പാലിക്കുന്നത് എളുപ്പമാകും.
നിലവില്‍ ട്രസ്റ്റികളെ നിയമിക്കുന്നതിന് എല്ലാ അംഗങ്ങളുടെയും ഐകകണ്‌ഠ്യേനയുള്ള അനുമതി ആവശ്യമാണ്. പുതിയ നിയമസംഹിത വരുന്നതോടെ നേതൃമാറ്റങ്ങളും ഭരണപരമായ തീരുമാനങ്ങളും കൂടുതല്‍ സുതാര്യമാകും.
ചെയര്‍മാനായി ചുമതലയേറ്റ ശേഷം നോയല്‍ ടാറ്റ നിയമവിദഗ്ധരുമായി നിരന്തരമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഗ്രൂപ്പിന്റെ ഭാവി തര്‍ക്കരഹിതമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നോയല്‍ ടാറ്റയുടെ മകന്‍ നെവില്‍ ടാറ്റയെ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റില്‍ കഴിഞ്ഞ വര്‍ഷം അംഗമാക്കിയിരുന്നു. നിലവിലെ നിയമപ്രകാരം ഒരു പുതിയ ട്രസ്റ്റിയെ നിയമിക്കണമെങ്കില്‍ നിലവിലുള്ള എല്ലാ ട്രസ്റ്റികളുടെയും ഏകകണ്ഠമായ സമ്മതം ആവശ്യമാണ്. എന്നാല്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ചേര്‍ന്ന യോഗം ക്വോറം തികയാത്തതിനാല്‍ മാറ്റിവെക്കേണ്ടി വന്നു
ഇതിന് പിന്നാലെയാണ് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലും സമാനമായ മാറ്റങ്ങള്‍ വരുന്നത്. ടാറ്റാ സണ്‍സ് ബോര്‍ഡിലെ ഡയറക്ടര്‍മാരെ നിയമിക്കുന്നതില്‍ ഈ ട്രസ്റ്റുകള്‍ക്ക് വലിയ പങ്കുണ്ട് എന്നതിനാല്‍, ട്രസ്റ്റിലെ ഓരോ മാറ്റവും ടാറ്റാ ഗ്രൂപ്പിന്റെ ബിസിനസ് തീരുമാനങ്ങളെയും ബാധിക്കും.
ടാറ്റാ ഗ്രൂപ്പിന്റെ 27 ലക്ഷം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തില്‍ സുസ്ഥിരമായ ഭരണം ഉറപ്പാക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine