പ്രമുഖ വിമാനകമ്പനിയായ സ്‌പൈസ് ജെറ്റ്, ഉടമ അജയ് സിംഗ് എന്നിവരില്‍ നിന്ന് 1,323 കോടി രൂപയുടെ നഷ്ട പരിഹാരം തേടി സുപ്രീം കോടതിയെ സമീപിച്ച് കലാനിധി മാരനും കെ.എ.എല്‍ എയര്‍വെയ്‌സും. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നീക്കം. 2015 ല്‍ വിമാനക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റിനെ കലാനിധി മാരനില്‍ നിന്ന് അജയ് സിംഗ് തിരിച്ചു വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണിത്. പി.എസ് നരസിംഹം, ആര്‍ മഹാദേവന്‍ എന്നിവരുടെ വെക്കേഷന്‍ ബെഞ്ച് ജൂലൈ 8ന് വാദം കേള്‍ക്കും.
അപ്പീലുകള്‍ സമര്‍പ്പിക്കുന്നതില്‍ 55 ദിവസത്തെ കാലതാമസവും പുനഃസമര്‍പ്പിക്കുന്നതില്‍ 226 ദിവസത്തെ കാലതാമസവും വന്നത് ക്ഷമിക്കാന്‍ ജസ്റ്റിസുമാരായ സി. ഹരി ശങ്കര്‍, അജയ് ദിഗ്‌പോള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കൂട്ടാക്കിയില്ല. കണക്കുകൂട്ടിയ ചൂതാട്ടമാണിതെന്നും സ്‌പൈസ് ജെറ്റില്‍ നിന്ന് മനഃപൂര്‍വം വിവരങ്ങള്‍ മറച്ചുവച്ചതാണെന്ന് ആരോപിക്കുകയും ചെയ്തു. ലിമിറ്റേഷന്‍ ആക്ട് പ്രകാരം, സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ കക്ഷികള്‍ക്ക് സാധാരണയായി 90 ദിവസം ലഭിക്കും. ഈ സമയപരിധി അവര്‍ നഷ്ടപ്പെടുത്തിയാല്‍, കാലതാമസത്തിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയും മാപ്പ് തേടുകയും വേണം. ഇതുണ്ടാകാത്ത സാഹചര്യത്തില്‍ മാരന്റെയും കെ.എ.എല്ലിന്റെയും വിശദീകരണം കോടതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
2015-ല്‍ മാരനും കെഎഎല്‍ എയര്‍വേയ്സും സ്പൈസ് ജെറ്റിലെ മുഴുവന്‍ ഓഹരികളും രണ്ട് രൂപയ്ക്ക് അജയ് സിംഗിന് കൈമാറിയതോടെയാണ് ഈ നിയമയുദ്ധം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ലൈന്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. കരാറിന്റെ ഭാഗമായി, 1,500 കോടിയുടെ ബാധ്യതകള്‍ അജയ് സിംഗ് ഏറ്റെടുക്കുകയായിരുന്നു.
കരാര്‍ പ്രകാരം മാരനും കെഎഎല്‍ എയര്‍വേയ്സും ഓഹരി അനുവദിക്കുന്നതിനായി സ്പൈസ് ജെറ്റിന് 679 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ അജയ് സിംഗിന്റെ മാനേജ്മെന്റ് ഇത് ഇഷ്യു ചെയ്തില്ല. ഇതിന്റെ റീഫണ്ടിനായി മാരന്‍ 2017 ല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
2018 ജൂലൈയില്‍, വിരമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു ആര്‍ബിട്രേഷന്‍ പാനല്‍ മാരന്റെ 1,323 കോടി നഷ്ടപരിഹാരത്തിനുള്ള അവകാശവാദം നിരസിച്ചു. പകരം 579 കോടിയും പലിശയും തിരികെ നല്‍കാന്‍ സ്‌പൈസ്‌ജെറ്റിനോടും സിംഗിനോടും നിര്‍ദേശിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും ഈ വിധിയുടെ ചില ഭാഗങ്ങളെ ആര്‍ബിട്രേഷന്‍ നിയമപ്രകാരം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
2023-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് ആര്‍ബിട്രല്‍ വിധി ശരിവച്ചു, വാറണ്ടുകള്‍ക്ക് 308 കോടിയും മുന്‍ഗണനാ ഓഹരികള്‍ക്ക് 270 കോടിയും ബാധകമായ പലിശ സഹിതം തിരികെ നല്‍കാന്‍ സ്പൈസ്ജെറ്റിനും സിംഗിനും ഉത്തരവിട്ടു. തുടര്‍ന്ന് സ്പൈസ്ജെറ്റ് ഈ വിധിയെ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ചോദ്യം ചെയ്തു.
2024 മെയ് മാസത്തില്‍, കേസ് സിംഗിള്‍ ജഡ്ജിയുടെ പരിഗണനയ്ക്ക് അയച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ച് സ്പൈസ് ജെറ്റിന് ആശ്വാസം നല്‍കി. 579 കോടി രൂപതിരിച്ചു നല്‍കാനുള്ള ഉത്തരവ് തള്ളി.
കേസ് വീണ്ടും പരിഗണിച്ച ഈ തീരുമാനത്തിനെതിരെ മാരനും കെഎഎല്‍ എയര്‍വേയ്സും സുപ്രീം കോടതിയെ സമീപിച്ചു, എന്നാല്‍ 2024 ജൂലൈയില്‍ അവരുടെ ഹര്‍ജി തള്ളപ്പെട്ടു. തുടര്‍ന്ന് അവര്‍ ദീര്‍ഘകാലമായി പെന്‍ഡിംഗായിരുന്ന സിംഗിള്‍ ജഡ്ജ് വിധിക്കെതിരെ വീണ്ടും കേസ്ഫയല്‍ ചെയ്തു. ഇതാണ് കാലതാമസം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
Read DhanamOnline in English
Subscribe to Dhanam Magazine