രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ മാരിക്കോ (Marico) തങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ പാരച്യൂട്ട് (Parachute) വെളിച്ചെണ്ണയുടെ വില 17 ശതമാനം വരെ കുറച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊപ്ര വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് പലതവണ വില വര്‍ധിപ്പിച്ചിരുന്ന കമ്പനി, ഇപ്പോള്‍ വില താഴ്ന്നതോടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ നേട്ടം കൈമാറുകയാണ്.
അതേസമയം, ജാസ്മിന്‍ ഹെയര്‍ ഓയില്‍ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലെ ചെലവ് ഘടനയും മാര്‍ജിനും സന്തുലിതമാക്കാനാണ് ഈ നീക്കം.
2025-ല്‍ ഏഷ്യയിലുടനീളം നാളികേര ഉല്‍പാദനം ഇടിഞ്ഞിരുന്നു. കാലാവസ്ഥാ വെല്ലുവിളികള്‍ അതിനു കാരണമായി. ഇതുമൂലം കൊപ്ര വില കുത്തനെ ഉയര്‍ന്നു. വെളിച്ചെണ്ണക്ക് ഒരു ഘട്ടത്തില്‍ കിലോഗ്രാമിന് വില 500 രൂപയിലധികമായി. ഇതോടെ പാരച്യൂട്ട് വെളിച്ചെണ്ണയുടെ വില മാരിക്കോ ഏകദേശം 60 ശതമാനം വരെ ഉയര്‍ത്തി. വിലക്കയറ്റം മൂലം വില്‍പനയുടെ അളവില്‍ ഇടിവുണ്ടായെങ്കിലും ബ്രാന്‍ഡിന്റെ വിപണി വിഹിതം കമ്പനി നിലനിര്‍ത്തിയിരുന്നു. കൊപ്ര വില 25-30 ശതമാനം വരെ താഴ്ന്നതോടെയാണ് ഇപ്പോള്‍ വില കുറച്ചത്.
ഇന്ത്യയിലെ മാരിക്കോയുടെ ആഭ്യന്തര വരുമാനത്തിന്റെ ഏകദേശം 36 ശതമാനവും പാരച്യൂൂട്ട് ബ്രാന്‍ഡില്‍നിന്നാണ് ലഭിക്കുന്നത്. രാജ്യത്തെ ബ്രാന്‍ഡഡ് വെളിച്ചെണ്ണ വിപണിയില്‍ പാരച്യൂട്ടിന് 50 ശതമാനത്തിലധികം വിപണി വിഹിതമുണ്ടെന്നാണ് വ്യവസായ കണക്കുകള്‍. നിഹാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തേങ്ങാ എണ്ണ ബ്രാന്‍ഡുകളും കണക്കിലെടുത്താല്‍ ഈ വിഭാഗത്തില്‍ മാരിക്കോയുടെ ആധിപത്യം ശക്തമാണ്.
കൊപ്ര വില കുറഞ്ഞതോടെ കമ്പനിയുടെ അസംസ്‌കൃത വസ്തു ചെലവ് ഗണ്യമായി കുറയുമെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ പാദങ്ങളില്‍ ഉയര്‍ന്ന കൊപ്ര വില കാരണം മാരിക്കോയുടെ മൊത്ത ലാഭത്തിന് ഇടിവുണ്ടായി. എന്നാല്‍ വിലക്കുറവിനുശേഷവും ചെലവ് നിയന്ത്രണത്തിലാകുന്നതിനാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ലാഭക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും വലിയ തേങ്ങ ഉല്‍പ്പാദന-ഉപഭോഗ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ബ്രാന്‍ഡഡ് വെളിച്ചെണ്ണയുടെ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെങ്കിലും കൊപ്ര വില തുടര്‍ന്നും താഴ്ന്നാല്‍ കര്‍ഷകരുടെ വരുമാനത്തെ അത് സാരമായി ബാധിക്കും. അതേസമയം, വിലക്കുറവിലൂടെ ബ്രാന്‍ഡഡ് വെളിച്ചെണ്ണയുടെ ഉപഭോഗം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
Read DhanamOnline in English
Subscribe to Dhanam Magazine