ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരില്‍ ഒന്നായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമ്പനി സി.ഇ.ഒ സത്യ നദെല്ല നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.
2026 മുതല്‍ 2029 വരെ നാല് വര്‍ഷങ്ങള്‍ക്കുള്ളിലാകും നിക്ഷേപം. രാജ്യത്തെ ക്ലൗഡ്, എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വികസിപ്പിക്കുക, ജീവനക്കാര്‍ക്ക് ഉയര്‍ന്ന പരിശീലനം നല്‍കുക എന്നിവയാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള വമ്പന്‍ ടെക് കമ്പനികള്‍ മത്സരിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ ഈ പ്രഖ്യാപനം. ഗൂഗിള്‍ അടുത്തിടെ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.13 ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോണ്‍ വെബ് സര്‍വീസസ് 8 ബില്യണ്‍ ഡോളറിന്റെ (71,000 കോടി രൂപ) നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കമ്പനിയുടെ ഏറ്റവും വലിയ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ (Hyper-scale Data Center) 2026 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും. നിലവിലുള്ള 22,000-ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് പുറമെ, രാജ്യത്തുടനീളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാങ്കേതിക രംഗത്ത് ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനും ഈ നിക്ഷേപം സഹായിക്കുമെന്ന് സത്യ നദെല്ല എക്‌സില്‍ അറിയിച്ചു.
''ഇന്ത്യയുടെ എ.ഐ അവസരങ്ങളെകുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ എ.ഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമാണ് 17.5 ബില്യണ്‍ ഡോളര്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.''
'എഐയുടെ കാര്യത്തില്‍ ലോകം ഇന്ത്യയെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്,' എന്നായിരുന്നു സത്യ നദെല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. 'ഏഷ്യയില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപം ഇന്ത്യയില്‍ നടക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ യുവജനതയ്ക്ക് ഈ അവസരം ഉപയോഗിച്ച് ലോകത്തിന് വേണ്ടി നവീകരിക്കാന്‍ കഴിയും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ ഭീഷണിയുമായി വീണ്ടും രംഗത്തത്തെയിരിക്കുമ്പോഴാണ് അമേരിക്കയില്‍ നിന്നുള്ള നിക്ഷേപമെത്തുന്നത് എന്നതാണ് ശ്രദ്ധേയം.
Microsoft is investing ₹1.5 lakh crore in India to boost AI infrastructure, marking its largest investment in Asia.
Read DhanamOnline in English
Subscribe to Dhanam Magazine